താങ്ങുവില; ജില്ലയിലെ വാഴക്കർഷകരോട് വിവേചനമെന്ന് ആക്ഷേപം
text_fieldsRepresentational Image
കൽപറ്റ: വിലത്തകർച്ചയിൽനിന്ന് കർഷകരെ രക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ താങ്ങുവില പദ്ധതിയിൽ വയനാട്ടിലെ വാഴക്കർഷകരോട് വിവേചനപരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപം. മറ്റു ജില്ലകളിൽ വാഴക്കുലക്ക് 30 രൂപയാണ് താങ്ങുവില.
എന്നാൽ, വയനാട്ടിലെ കർഷകർക്ക് 24 രൂപയാണ് ലഭിക്കുന്നതെന്ന് ജില്ലയിലെ വാഴ കർഷകരുടെ കൂട്ടായ്മയായ ബനാന പ്രൊഡ്യൂസിങ് ഫാർമേഴ്സ‌് സൊസൈറ്റി പ്രസിഡന്റ് ബേബി തോമസ്, സെക്രട്ടറി എൻ.ജെ. റിയാസ് എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതു തിരുത്തി താങ്ങുവില 40 രൂപയായി ഉയർത്തണം. പച്ചക്കറി, കിഴങ്ങ് വർഗങ്ങളുടെയും താങ്ങുവിലയിലും മാറ്റം വരുത്തണം.
വി.എഫ്.പി.സി.കെ സൊസൈറ്റി ജില്ലയിൽ ചില പഞ്ചായത്തുകളിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഇതു കാരണം താങ്ങുവില പദ്ധതിയും ഗുണമേന്മയുള്ള നടീൽ വിത്തുകളും വളങ്ങളും സബ്സിഡികളും വായ്‌പകളും കർഷകർക്ക് ലഭ്യമാകുന്നില്ലെന്നും ഇവർ പറഞ്ഞു. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങളുടെ വാടക വർധിപ്പിച്ചതും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്.
വാടക വർധിപ്പിച്ച നടപടി പിൻവലിക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. സർക്കാറിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിൽ കാർഷിക മേഖലയിൽ ഏകീകൃത ചാർജ് നടപ്പിലാക്കണം. ജില്ലയിൽ സർക്കാർ സബ്‌സിഡി നൽകുന്ന യൂറിയ രാസവള ലഭ്യതയും പ്രതിസന്ധിയിലാണ്.
രാസവളങ്ങൾ യഥാസമയത്ത് ലഭ്യമാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണം. കൃഷിത്തോട്ടങ്ങളിലേക്ക് തോടുകളിൽനിന്നും നദികളിൽനിന്നും ജലം പമ്പ് ചെയ്യുന്നതിനുള്ള അനുമതി കർഷകർക്ക് നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

