‘ഓണത്തിനൊരു മുറം പച്ചക്കറി’; ആത്മസംതൃപ്തിയിൽ ഉപജ്ഞാതാവ്
text_fieldsമാന്നാറിലെ കൃഷി ഓഫിസർ പി.സി. ഹരികുമാറും കാർത്തികപ്പള്ളി ഡെപ്യൂട്ടി തഹസിൽദാറായ ടി.എസ്. പ്രതീക്ഷയും പച്ചക്കറികൃഷി ഇടത്തിൽ
ചെങ്ങന്നൂർ: ഒരു ഓണക്കാലംകൂടി സമാഗതമാകവെ ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതി സമ്മാനിച്ച കൃഷി ഓഫിസർ ആത്മസംതൃപ്തിയിൽ. മാന്നാർ കൃഷി ഓഫിസറായി ജോലി ചെയ്യുന്ന മാവേലിക്കര കണ്ടിയൂർ സ്വദേശിയായ പി.സി. ഹരികുമാറാണ് ഈ ആശയം സർക്കാറിന് നൽകിയത്. 18 വർഷമായി ഇദ്ദേഹം സ്വന്തമായി തുടർന്നുവന്ന ഓണത്തിന് ഒരു മുറം പച്ചക്കറിയെന്ന ആശയമാണ് വ്യാപകമാക്കിയത്. ഒമ്പത് വർഷം മുമ്പാണ് പദ്ധതി സർക്കാർ നടപ്പാക്കാൻ തുടങ്ങിയത്.
കണ്ടിയൂർ പനമ്പിലാവിൽ തെക്കത്തിൽ പി.സി. ഹരികുമാർ 2015ൽ മാന്നാറിൽ അസി. കൃഷി ഓഫിസറായിരിക്കെ വീട്ടിൽ നടപ്പാക്കിയ പദ്ധതി ഫേസ്ബുക്കിലെ വിവിധ കാർഷിക ഗ്രൂപ്പുകളിലെ അംഗങ്ങളായ പതിനായിരത്തിലധികം കുടുംബങ്ങളിലൂടെ പരീക്ഷിച്ച് ജനഹൃദയങ്ങളിൽ എത്തിച്ചു. പിന്നീട് തന്റെ സ്വപ്നം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള ശ്രമമായി.
2016ൽ തൃശൂർ ബാനർജി ക്ലബിൽ ഓൺലൈൻ കാർഷിക വിപണിയുടെ രണ്ടാംവാർഷിക ചടങ്ങിൽ അന്നത്തെ കൃഷിമന്ത്രിയായിരുന്ന വി.എസ്. സുനിൽകുമാറിൽനിന്ന് ആദരവ് ഏറ്റുവാങ്ങിയ ശേഷം പദ്ധതിയുടെ റിപ്പോർട്ട് നേരിട്ട് കൈമാറി. 2017 മുതൽ കൃഷി വകുപ്പ് ‘ഓണത്തിനൊരുമുറം പച്ചക്കറി’ ഏറ്റെടുത്തു.
അമ്മയിൽനിന്ന് പകർന്നുകിട്ടിയ കൃഷിശീലം അദ്ദേഹത്തിന് ഉപജീവനമല്ല, ജീവിതം തന്നെയാണ്. കാർത്തികപ്പള്ളി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാറാണ് ഭാര്യ ടി.എസ്. പ്രതീക്ഷ. ബംഗളൂരു മോളിക്കുലർ കണക്ഷൻസിൽ സിയന്റിഫിക് അസിസ്റ്റന്റാണ് മകൾ അഞ്ജലി, ബംഗളൂരുവിൽ ബി.സി.എ വിദ്യാർഥിയായ ആദിത്യനും അടങ്ങിയ കുടുംബത്തിന്റെ പിന്തുണ പദ്ധതിയെ പരിപോഷിപ്പിക്കാൻ സഹായകരമായി. ഈ വർഷവും ഓണത്തിന് ആവശ്യമായ വിഷം പുരളാത്ത പച്ചക്കറികളും പൂക്കളും മട്ടുപ്പാവിൽ തയാറായി. ഇപ്പോഴും ജോലികഴിഞ്ഞും അവധിദിനങ്ങളിലും പുതിയ കൃഷിരീതികൾ പഠിക്കാനും പഠിപ്പിക്കാനുമായുള്ള ദൗത്യത്തിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.