ചെണ്ടുമല്ലിയിൽ വിജയഗാഥയൊരുക്കി വിശ്വകർമ മഹാസഭ
text_fieldsചെങ്ങമനാട്: അഖില കേരള വിശ്വകർമ മഹാസഭ കപ്രശ്ശേരിയിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷിയിൽ നൂറ് മേനി വിളവ്. പ്രദേശം സംരക്ഷണമില്ലാതെ പുല്ല് വളർന്ന് ഉപയോഗശൂന്യമായി കിടന്ന സാഹചര്യത്തിലാണ് പുതിയ ഭരണസമിതി ഓണക്കാലം ആസന്നമായതോടെ പൂകൃഷിയെക്കുറിച്ചാലോചിച്ചത്.
തൃശൂരിലെ നഴ്സറിയിൽ നിന്നാണ് മഞ്ഞയും, ഓറഞ്ചും നിറങ്ങളുള്ള ചെണ്ടുമല്ലിയുടെ മുന്തിയ ഇനം വിത്തുകൾ എത്തിച്ചത്. പ്രദേശത്തെ പരമ്പരാഗതമായി പൂകൃഷി ചെയ്ത് വരുന്നവരുടെയും ചെങ്ങമനാട് കൃഷിഭവന്റേയും സഹകരണവും ലഭിച്ചു. കൃഷി ഭവനിൽനിന്ന് വളം സൗജന്യമായി നൽകി. സഭയിലെ എല്ലാവരും കൈകോർത്ത് കൃഷി ചെയ്യാൻ രംഗത്ത് വരുകയായിരുന്നു.
ജൂണിൽ വിത്തു നട്ട് ഒന്നരമാസം പിന്നിട്ടപ്പോഴേക്കുംപൂക്കൾ തഴച്ചുവളർന്നു. ഇപ്പോൾ 850ഓളം പൂക്കളുണ്ട്. പൂകൃഷി കാണാൻ ധാരാളം പേരാണ് ഇവിടെ എത്തുന്നത്. പത്ത് സെന്റ് സ്ഥലത്തെ ചെണ്ടുമല്ലിയുടെ കന്നി കൃഷി വിജയകരമായതിനാൽ വരും നാളുകളിലും പൂകൃഷി ചെയ്യാൻ വിശ്വകർമ്മ അംഗങ്ങളിൽ കൂടുതൽ താത്പര്യമുണ്ടായെന്നും മറ്റ് കൃഷികളും ഉദ്ദേശിക്കുന്നുണ്ടെന്നും ശാഖ പ്രസിഡന്റ് പി.ആർ. സോമൻ പറഞ്ഞു. ഒ.ആർ. മനേഷ്, എം.എൻ. സുനിൽകുമാർ, എം.ബി. സിദ്ധാർത്ഥൻ, സി.കെ. സന്തോഷ്, രമ രാധാകൃഷ്ണൻ, ഐശ്വര്യ സജീവൻ, സുനിത, സരസ്വതി തുടങ്ങിയവരാണ് പരിചരണത്തിന് മേൽ നോട്ടം വഹിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.