ഇന്ന് ലോക ചക്ക ദിനം; 200 കോടിയുടെ വിപണി കണ്ടെത്തി ചക്ക
text_fieldsതൃശൂർ: വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന പഴഞ്ചൊല്ലിനെ ‘വേണമെങ്കിൽ ചക്കയെ കോടികളുടെ ഉൽപന്നമാക്കി മാറ്റാം’ എന്ന പുതുചൊല്ലിലേക്ക് എത്തിക്കുകയാണ് മലയാളികൾ. കോവിഡ് ലോകമെമ്പാടും നഷ്ടങ്ങൾ തീർത്തപ്പോൾ ചക്കക്കും പ്ലാവിനും അത് നല്ല കാലമായി.
2020 മാർച്ചിൽ തൃശൂരിൽ ആദ്യമായി ഇന്ത്യയിൽ കോവിഡ് കണ്ടെത്തിയതും തുടർന്നുള്ള ലോക്ഡൗണും കൂടി ചേർന്ന് ചക്കയെ മലയാളിയുടെ ഇഷ്ടവിഭവമാക്കി. 2018ൽ ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചെങ്കിലും കോവിഡ് കാലത്താണ് ശരിക്കും ഔദ്യോഗികമായത്. ഈ സമയത്ത് ചക്കയിൽ മലയാളികൾ നടത്തിയ പരീക്ഷണങ്ങൾ പിന്നീട് മൂല്യവർധിത ഉൽപന്നങ്ങളും ലോകവിപണിയിലേക്ക് അടക്കം കയറ്റിയയക്കുന്ന ഉൽപന്നങ്ങളുമായി മാറി.
നിലവിൽ മൂല്യവർധിത ഉൽപന്നങ്ങൾ വഴി മാത്രം കേരളത്തിൽ 200 കോടി രൂപയുടെ വിപണിയാണ് ചക്ക സൃഷ്ടിച്ചിരിക്കുന്നത്. പഴുത്ത ചക്ക വിൽക്കുന്നതിലൂടെ ലഭിക്കുന്ന തുക വേറെയും.
കേരളത്തിൽ ഒരു വർഷം 28 കോടി ചക്കയുണ്ടാകുന്നതായാണ് കണക്ക്. ഇതിൽ പകുതിയും പാഴാകുന്നു. ഇവ കൂടി ഉപയോഗപ്പെടുത്തിയാൽ വിപണി മൂല്യം ഇനിയും ഉയരും. കേരളത്തിൽ 20 വലിയ സ്ഥാപനങ്ങളാണ് ചക്ക ഉൽപന്ന മേഖലയിൽ പ്രവർത്തിക്കുന്നത്. നൂറോളം ഇടത്തരം സ്ഥാപനങ്ങളും 1000ത്തോളം ചെറുകിട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കയറ്റുമതി ലക്ഷ്യമാക്കി ഏഴു സ്ഥാപനങ്ങളുണ്ട്.
മുൻകാലത്ത് ചക്കപ്പുഴുക്ക്, ചിപ്സ് തുടങ്ങിയവയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ചക്കയിൽനിന്ന് ഇന്ന് 250ഓളം ഉൽപന്നങ്ങളാണ് ഉണ്ടാക്കുന്നത്. 60ഓളം ഉൽപന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തുന്നു. 2018ൽ തുടങ്ങിയ ‘ചക്കക്കൂട്ടം’ വാട്സ് ആപ് കൂട്ടായ്മയിൽ 1400 ഗ്രൂപ്പുകളായി 40,000 അംഗങ്ങളുള്ള രീതിയിൽ വളർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.