അഗ്രി ഡ്രോണുകൾ; ഫ്യൂസലേജ് ഇന്നവേഷൻസിന് മികവിന്റെ അംഗീകാരം
text_fieldsകൃഷിയിടത്തിൽ ഡ്രോൺ പറത്തുന്ന ഫ്യൂസലേജ് ഇന്നവേഷൻസ് സ്ഥാപകരായ ദേവൻ ചന്ദ്രശേഖരനും ദേവികയും
കളമശ്ശേരി: ഡ്രോണുകൾ ഉപയോഗിച്ച് കൃത്യത കൃഷിരീതികൾ അവതരിപ്പിച്ച ഫ്യൂസലേജ് ഇന്നവേഷൻസിന് മികച്ച കാർഷിക സ്റ്റാർട്ടപ്പ് പുരസ്കാരം. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ മേക്കർ വില്ലേജിലുള്ള ഡ്രോൺ നിർമാണ കമ്പനിയാണ് ഫ്യൂസലേജ് ഇന്നവേഷൻസ്. അഗ്രിക്കൾച്ചർ ഡ്രോണുകളുടെ സംഭാവനകൾക്കാണ് കൃഷിവകുപ്പിന്റെ മികച്ച കാർഷിക സ്റ്റാർട്ടപ്പ് അവാർഡ് ലഭിച്ചത്.
ടീം വികസിപ്പിച്ച ഫിയ ക്യുഡി10 എന്ന സ്പ്രേയിങ്ങ് ഡ്രോണുകളും കാർഷിക നിരീക്ഷണ ഡ്രോണുകളിലൂടെ 30-40 ശതമാനം വരെ വിളവുയർത്താനും രാസകീടനാശിനി ഉപയോഗം 50 ശതമാനം വരെ കുറക്കാനും സഹായിക്കുന്നതായാണ് കമ്പനി അവകാശപ്പെടുന്നത്.
2020ൽ സ്ഥാപിതമായ നബാർഡ്, റബർ ബോർഡ്, സെൽകോ ഫൗണ്ടേഷൻ തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ 2,500ലധികം കർഷകർക്ക് നിലവിൽ ഡ്രോൺ സേവനങ്ങൾ കമ്പനി നൽകിവരുന്നു. 2.5 ലക്ഷം ഹെക്ടർ ഭൂമിയിൽ സേവനം എത്തിച്ചിട്ടുള്ള ഫ്യൂസലേജ് ഇന്നവേഷൻസ്, മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ഡ്രോണുകൾ തദ്ദേശീയമായി നിർമിക്കുകയും വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുമുണ്ട്.
വിദഗ്ധ ഉപദേശകരായി കേരള കാർഷിക സർവകലാശാല മേധാവി ബെറിൻ പത്രോസ്, സീമെറ്റ് തൃശൂർ മേധാവി സീമ, സാമ്പത്തിക വിദഗ്ധൻ ഗിരിശങ്കർ ഗണേഷ്, ലീഡിങ് അനലിസ്റ്റ് ഹേമന്ത് മാത്തൂർ എന്നിവർ ഫ്യുസലേജിനൊപ്പമുണ്ട്. നിലവിൽ 40ഓളം പേർ കമ്പനിയിലുണ്ട്. അടുത്ത മൂന്ന് വർഷം കൊണ്ട് 150 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി ഉള്ളതായി കമ്പനി സ്ഥാപകൻ ദേവൻ ചന്ദ്രശേഖരൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.