തേൻകൃഷിയിൽ ഉമറലി ഷിഹാബിന്റെ വിജയഗാഥ
text_fieldsതേനീച്ചക്കൂടുമായി ഉമറലി ശിഹാബ്
മേലാറ്റൂർ: തേൻകൃഷിയിൽ രചിച്ച വിജയഗാഥക്കുള്ള അംഗീകാരമായി കൃഷി വകുപ്പിന്റെ സംസ്ഥാനതല അവാർഡ് എടപ്പറ്റ സ്വദേശിയായ യുവാവിന്. എടപ്പറ്റയിലെ പാതിരിക്കോട് സ്വദേശി തെങ്ങുംതൊടി വീട്ടിൽ ഉമറലി ശിഹാബാണ് സംസ്ഥാനത്തെ മികച്ച തേനീച്ച കർഷകനുള്ള അവാർഡിന് അർഹനായത്. ഒരുലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.
കുട്ടിക്കാലം മുതൽ തേനീച്ചകളോടും കൃഷിയോടും താൽപര്യം തോന്നിത്തുടങ്ങുകയും പിന്നീട് അൽ സബാഹ് എന്ന പേരിൽ സ്വന്തം ബ്രാൻഡിൽതന്നെ തേൻ വിൽപന നടത്തുകയും ചെയുന്ന സ്വപ്നതുല്യമായ നേട്ടവും കൈവരിക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ് അദ്ദേഹം. പല ബ്രാൻഡുകൾക്കും തേൻ പാക്ക് ചെയ്തു നൽകുന്നതോടൊപ്പം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ, ഫ്ലിപ്കാർട് എന്നിവിടങ്ങളിലും വിൽക്കുന്നുണ്ട്.
2024ൽ മലപ്പുറത്ത് നടത്തിയ വ്യവസായ വകുപ്പിന്റെ എക്സ്പോ, 2023ൽ സംസ്ഥാന സർക്കാറിന്റെ വാർഷികവുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ നടന്ന എക്സ്പോ എന്നിവയിൽ മികച്ച സ്റ്റാളിനുള്ള പുരസ്കാരം ലഭിച്ചു. എം.ബി.എ ബിരുദധാരിയായ ഉമറലി ശിഹാബിന് ഉപജീവനമാർഗവും തൊഴിലും വിനോദവുമെല്ലാം തേനീച്ച കൃഷിയാണ്. സ്കൂൾ പഠനകാലം മുതൽ ചെറിയ തോതിൽ തേനീച്ചവളർത്തൽ തുടങ്ങിയിരുന്നു. കോളജ് പഠനം പൂർത്തിയായതോടെയാണ് ശാസ്ത്രീയമായി കൃഷിയെ പഠിക്കാൻ തുടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.