പഠനത്തോടൊപ്പം കൃഷിയും; വിഷ്ണു സഞ്ജയ് മികച്ച കലാലയവിദ്യാർഥി കർഷകൻ
text_fieldsവിഷ്ണു സഞ്ജയ്
കൊട്ടിയം: ഈ വർഷത്തെ മികച്ച കലാലയ വിദ്യാർഥികർഷകനുള്ള സർക്കാർ പുരസ്കാരം കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജിലെ ഇലക്ട്രിക്കൽ വിഭാഗം രണ്ടാം വർഷ വിദ്യാർഥി വിഷ്ണു സഞ്ജയ് കരസ്ഥമാക്കി. മികച്ച കർഷകനായ കൊല്ലം വെളിയം സ്വദേശി സഞ്ജയ് കുമാറിന്റെ മകനായ വിഷ്ണു, പിതാവിന്റെ പാത പിന്തുടർന്ന് പഠനത്തോടൊപ്പം കൃഷിയെയും ചേർത്തുപിടിക്കുകയാണ്. രണ്ട് ഏക്കർ സ്ഥലത്ത് പയർ, വെണ്ട, വഴുതന, പാവൽ, വെള്ളരി, തണ്ണിമത്തൻ എന്നിവയും കിഴങ്ങ് വിളകളും കൃഷി ചെയ്യുന്നുണ്ട്.
ശ്രീനാരായണ പോളിടെക്നിക് കോളജിൽ ‘അഗ്രി ടെക് ഇന്നൊവേഷൻസ്’ എന്ന വിദ്യാർഥികളുടെയും ജീവനക്കാരുടെയും കാർഷിക കൂട്ടായ്മ വിഷ്ണുവിന്റെ സ്വപ്നങ്ങൾക്ക് വഴിത്തിരിവായി. പ്രിസിഷൻ ഫാമിങ്, വെർട്ടിക്കൽ ഗാർഡനിങ്, ഹൈഡ്രോപോണിക്സ് എന്നിങ്ങനെ നൂതന കാർഷിക പ്രോജക്ടുകൾ വിഷ്ണുവിന്റെ നേതൃത്വത്തിൽ, കോളജിൽ നടന്നുവരുന്നു. കൂടാതെ പോളിടെക്നിക് കോളജിൽ ആദിച്ചനല്ലൂർ കൃഷിഭവന്റെ സഹായത്തോടെ നിർമിച്ച പോളി ഹൗസ് ഫാർമിങ്ങിലൂടെ വെള്ളരി, മുളക്, പയർ എന്നീ വിളകളും കൃഷിചെയ്യുന്നുണ്ട്
സംസ്ഥാന സർക്കാർ വി.ഡി.പി പദ്ധതി പ്രകാരം കാമ്പസിനുള്ളിൽ ഓപൺ പ്രിസിഷൻ ഫാമിങ്ങിലൂടെ തക്കാളി,പച്ചമുളക്, പയർ വെണ്ട,പാവൽ,പടവലം എന്നിവ കൃഷി ചെയ്യുന്നതിന് വിഷ്ണു നേതൃത്വം നൽകിവരുന്നു. സാങ്കേതിക പഠനത്തിനൊപ്പം കൃഷി എന്ന ആശയത്തിലൂടെ സാങ്കേതിക വിദ്യയോടൊപ്പം കാർഷിക മേഖലക്ക് പ്രയോജനപ്പെടും വിധമുള്ള കണ്ടുപിടിത്തങ്ങൾക്ക് ശ്രീനാരായണ പോളിടെക്നിക് കോളജിൽ വിഷ്ണു നേതൃത്വം നൽകുന്നു. കർഷകർക്കും കാർഷിക സംരംഭകർക്കും സംരംഭക സാധ്യതകൾ സൃഷ്ടിക്കുകയാണ് വിഷ്ണുവിന്റെ സ്വപ്നം. പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയായി നിൽക്കുന്ന മാതാവ് ആശ, അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിലെ അധ്യാപികയാണ്. അനിയൻ വൈഷ്ണവ് രണ്ടാം ക്ലാസിൽ പഠിക്കുന്നു.
ശ്രീനാരായണ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ വി. സന്ദീപ്, അഗ്രികൾച്ചൽ കോർഡിനേറ്റർ അനീഷ് ശശിധരൻ, സ്റ്റുഡന്റസ് കോർഡിനേറ്റർ ഹരിപ്രസാദ് എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.