മതപ്രബോധനത്തിനൊപ്പം കൃഷിയും; ഇമാം നൗഫലിനെ തേടി കർഷക അവാർഡ്
text_fieldsനൗഫൽ ബാഖവി കൃഷിപ്പണിയിൽ
ഈരാറ്റുപേട്ട: പള്ളിസേവനത്തിനും മതപ്രബോധനത്തിനുമൊപ്പം കൃഷിയും ദിനചര്യയാക്കിയ മതപണ്ഡിതനെ തേടി ഒടുവിൽ കൃഷിവകുപ്പിന്റെ പുരസ്കാരവും. കടുവാമുഴി വാക്കാപറമ്പ് റഹ്മത്ത് ജുമാമസ്ജിദ് ഇമാമായ തലനാട് മാട്ടയിൽ നൗഫൽ ബാഖവിയെ മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡ് നൽകിയാണ് തലനാട് കൃഷിഭവൻ ആദരിക്കുന്നത്.
പിതാവ് ഹസൻകുഞ്ഞിൽനിന്ന് പഠിച്ച കൃഷിയുടെ പാഠങ്ങളും തലനാടിന്റെ കാർഷിക പാരമ്പര്യവും കൃഷിയിലൂടെ ലഭിക്കുന്ന മനഃസന്തോഷവുമാണ് നൗഫൽ ബാഖവിയെ തികഞ്ഞ കർഷകനാക്കി മാറ്റിയത്.
മതകാര്യങ്ങൾ കൃത്യമായി നിർവഹിക്കുന്നതുപോലെ കൃഷിയും ജീവിതവ്രതമായി കാണുന്ന നൗഫൽ പാട്ടത്തിനെടുത്തതും സ്വന്തവുമായ ഭൂമിയിലാണ് കഠിനാധ്വാനം ചെയ്തു പൊന്ന് വിളയിക്കുന്നത്. വാഴ, കപ്പ, ചേന, ചേമ്പ് എന്നിവ സമ്മിശ്രമായാണ് അദ്ദേഹം കൃഷി ചെയ്യുന്നത്.
പള്ളിയിൽ അഞ്ചു നേരം നമസ്കാരത്തിന് നേതൃത്വം, മദ്രസ അധ്യാപനം എന്നീ കാര്യങ്ങൾ ചെയ്യുമ്പോഴും ദിവസവും അഞ്ചു മണിക്കൂർ കൃഷിക്കായി മാറ്റിവെക്കാൻ അദ്ദേഹം മറക്കാറില്ല. തലനാട് നിന്ന് ഈരാറ്റുപേട്ടക്കും തിരിച്ചും ദിവസവും രണ്ട് തവണ വീതം 40 കിലോമീറ്റർ യാത്ര ചെയ്താണ് കൃഷിക്കു സമയം കണ്ടെത്തുന്നതും.
പത്തനംതിട്ട, ഇടക്കുന്നം, കോട്ടാങ്ങൽ പ്രദേശങ്ങളിൽ ഇമാമായി ജോലി നോക്കുമ്പോഴും കൃഷിക്കായി സമയം കണ്ടെത്തിയിരുന്നു.
സമയം വെറുതെ പാഴാക്കാതെ ക്രിയാത്മകമായി ചെലവഴിക്കാൻ കൃഷി സഹായിക്കുന്നെന്ന് അദ്ദേഹം പറയുന്നു. വിളവെടുപ്പ് അടുക്കുന്ന ദിനങ്ങൾ ബാഖവിക്ക് ആത്മ സന്തോഷത്തിന്റേതാണ്. നല്ല വിളവെടുപ്പുണ്ടായാൽ സന്തോഷം ഇരട്ടിയാകും.
മികച്ച പ്രഭാഷകനായ ഇദ്ദേഹം പല പ്രസിദ്ധീകരണങ്ങളിലും സ്ഥിരമായി എഴുതാറുണ്ട്. മികച്ച സംഘാടകനായ ബാഖവി അഞ്ചു വർഷമായി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ഈരാറ്റുപേട്ട മേഖല പ്രസിഡന്റാണ്. വെല്ലൂർ ബാക്കിയാത്ത് സാലിഹാത്തിൽ നിന്ന് ബാഖവി ബിരുദം നേടിയ നൗഫൽ അഫ്ദലുൽ ഉലമ ബിരുദവും നേടിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.