കൃഷി ഓഫിസറായി നിയമനം ലഭിച്ച് മൂന്നര വർഷം; സംസ്ഥാന തല അംഗീകാര നിറവിൽ ധന്യ ജോൺസൺ
text_fieldsധന്യ ജോൺസൺ
തൊടുപുഴ: കൃഷി ഓഫീസർ നിയമനം ലഭിച്ച് മൂന്നര വർഷം പിന്നിടുമ്പോൾ തന്നെ പ്രവർത്തന മികവിനുളള സംസ്ഥാന തല അംഗീകാരം തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ധന്യ ജോൺസൺ. സർക്കാർ ജോലിയിൽ കയറി മൂന്നര വർഷത്തിനിടയിലാണ് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കൃഷി ഓഫീസർ എന്ന അംഗീകാരം ഇവരെ തേടിയെത്തിയത്.
തിരുവനന്തപുരത്ത് കൃഷി മന്ത്രി പി.പ്രസാദാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.വെള്ളായണി കാർഷികസർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയ ധന്യക്ക് കൃഷി ഓഫീസറായി ആദ്യ നിയമനം ലഭിക്കുന്നത് ഉപ്പുതറ കൃഷിഭവനിലായിരുന്നു. 2022 ഫെബ്രുവരിയിലായിരുന്നു അത്.
തുടർന്ന് മൂന്നര വർഷകാലത്തെ സേവനത്തിന് ശേഷം കഴിഞ്ഞ ജൂലൈയിൽ അരീക്കുഴ ഫാമിലേക്ക് സ്ഥലംമാറ്റവും ലഭിച്ചു. ഇതിന് പിന്നാലെയാണ് ഇത്തവണത്തെ കർഷക ദിനത്തോടനുബന്ധിച്ചുളള സംസ്ഥാന കൃഷി വകുപ്പിന്റെ സംസ്ഥാന തല പുരസ്കാരം ധന്യയെ തേടിയെത്തിയത്.
ഉപ്പുതറ കൃഷി ഓഫീസർ എന്ന നിലയിൽ മൂന്നര വർഷം നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിന് അടിസ്ഥാനം. വിവിധ പദ്ധതികൾ കൃത്യമായും ചിട്ടയോടെയും കൃഷി ഭവൻ പരിധിയിൽ നടപ്പാക്കിയതാണ് അവാർഡിന് തെരഞ്ഞെടുക്കാൻ കാരണം.
വിള ഇൻഷ്വറൻസ് അടക്കമുളള പദ്ധതികളുടെ ഗുണം കൂടുതൽ കർഷകരിലേക്ക് എത്തിക്കുന്നതിന് ഫീൽഡ് തലത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. കാർഷിക മേഖലക്ക് വരൾച്ചാ ദുരിതാശ്വാസമായി കേന്ദ്രം അനുവദിച്ച 78 ലക്ഷത്തിൽ 72 ലക്ഷവും ഉപ്പുതറക്കാണ് ലഭിച്ചത്.
ഉഷ്ണതരംഗത്തിന്റെ ഭാഗമായി ലഭിച്ച ധനസഹായമുൾപ്പടെ 1191 കർഷകർക്കായി ഒരു കോടി 25 ലക്ഷം രൂപയുടെ ധനസഹായമാണ് കൃഷി ഭവൻ പരിധിയിൽ വിതരണം ചെയ്തത്. പുതുകൃഷിക്ക് സംസ്ഥാന സർക്കാർ നൽകുന്ന സഹായം 845 കർഷകരിലേക്കും ഇക്കാലയളവിലെത്തി.
ആശുപത്രികളിൽ നൽകുന്നതിന് സമാനമായി കൃഷിഭവനുകളിൽ നിന്നും വളം അടക്കമുളള ഉൽപന്നങ്ങൾക്ക് കടകളിലേക്ക് കുറിപ്പടിയിൽ എഴുതി നൽകിയിരുന്നതും ശ്രദ്ധേയമായിരുന്നു.വിളപരിശീലന കേന്ദ്രം, കർഷകർക്ക് വേണ്ടി ക്ലിനിക്കുകൾ, രാത്രികാലങ്ങളിൽ ഓൺലൈൻ ക്ലാസുകൾ,കൃഷിയിടസന്ദർശനം അടക്കം വിവിധ പ്രവർത്തനങ്ങളിലൂടെ കാർഷിക മേഖലയെ സജീവമാക്കിയതിന്റെ അംഗീകാരം കൂടിയായി അവാർഡ് പ്രഖ്യാപനം.
മൂലമറ്റം കരോട്ടുപുരക്കൽ ജോൺസൺ-മറിയാമ്മ ദമ്പതികളുടെ മകളായ ധന്യയുടെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയോടെ ഭർത്താവും മൂലമറ്റം മൈനർ ഇറിഗേഷനിലെ അസി.എക്സിക്യൂട്ടീവ് എൻജിനീയറായ ഐസക്കും മൂന്നര വയസുകാരിയായ മകൾ ലിയയുമുണ്ട്. അവാർഡ് വിവരമറിഞ്ഞ് നിരവധി പേരാണ് അഭിനന്ദനപ്രവാഹവുമായി ധന്യയെ തേടി എത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.