സ്റ്റെയിലിൽ കൃഷിയൊരുക്കി സ്റ്റെയിൻ
text_fieldsസ്റ്റെയിന് തന്റെ പാവല്‍ തോട്ടത്തില്‍
എടക്കര: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗത്തിൽ മികച്ച വിദ്യാർഥി കർഷകനുള്ള പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് മൂത്തേടം നമ്പൂരിപ്പൊട്ടിയിലെ പി.എസ്. സ്റ്റെയിൻ. നമ്പൂരിപ്പൊട്ടി പാറയില്‍ ഷിബുവിന്റെ മകനായ പി.എസ്. സ്റ്റെയിന് ചെറുപ്പം മുതലേ കൃഷിയോട് താൽപര്യമുള്ളയാളായിരുന്നു.
മണിമൂളി ക്രസ്തുരാജ ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയായ സ്റ്റെയിനെ പഠനത്തേടൊപ്പം കാര്‍ഷിക വൃത്തിയില്‍ പിതാവിനോട് ചേര്‍ന്നുണ്ടാക്കിയ നേട്ടമാണ് അവാര്‍ഡിനര്‍ഹനാക്കിയത്. പിതാവ് ഷിബുവിന്റെ പേരിലുള്ള രണ്ടര ഏക്കര്‍ ഭൂമിക്ക് പുറമെ ഇരുപതേക്കറോളം ഭൂമി പാട്ടത്തിനെടുത്താണ് ഇവര്‍ കൃഷികള്‍ നടത്തിവരുന്നത്. പയര്‍, പാവല്‍, വെണ്ട, പടവലം, വെള്ളരി, മത്തന്‍, ചുരങ്ങ, ചേമ്പ്, ചേന, കമ്പം, കീയാര്‍ തുടങ്ങിയ പച്ചക്കറികളും കോഴി, താറാവ്, തേനീച്ച, പശു, പോത്ത് വളര്‍ത്തല്‍ എന്നീ കൃഷികളും ചെയ്തുവരുന്നത്.
വിത്തിടുന്നത് മുതല്‍ വിപണനം വരെയുള്ള കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നത് സ്റ്റെയിനാണ്. രാവിലെ സ്കൂളില്‍ പോകുന്നതിന് മുമ്പും സ്കൂള്‍വിട്ട് വന്നശേഷവും കൃഷി പരിപാലിക്കുന്നതില്‍ സ്റ്റെയിന് വ്യാപൃതനാകും. ഉൽപാദിപ്പിച്ചെടുക്കുന്ന പച്ചക്കറികള്‍ പിതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം മൂത്തേടം, എടക്കര പഞ്ചായത്തുകളിലെ പ്രധാന പാതയോരങ്ങളില്‍ വിറ്റഴിക്കുകയാണ് പതിവ്.
വന്‍തോതില്‍ വിളവുണ്ടാകുമ്പോള്‍ മഞ്ചേരിയടക്കമുള്ള മൊത്ത മാര്‍ക്കറ്റുകളില്‍ വില്‍ക്കുകയും ചെയ്യും. ഓണം, വിഷു, നോമ്പുകാലം തുടങ്ങിയ ഉത്സവ വിപണികള്‍ ലക്ഷ്യമിട്ടുള്ള കൃഷിരീതികളാണ് ഇയാൾ അവലംബിക്കുന്നത്. സ്റ്റെയിന് കഴിഞ്ഞ വര്‍ഷവും മികച്ച വിദ്യാര്‍ഥി കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ അവസാന റൗണ്ടില്‍ പുറത്താകുകയായിരുന്നു.
പിതാവിന്റെ വഴിയേ കൃഷിയെ സ്നേഹിച്ചതിനുള്ള പുരസ്ക്കാരമാണിപ്പോള് സ്റ്റെയിനിനെത്തേടിയെത്തിയത്. പിതാവ് ഷിബു 2015 ല്‍ വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിന്റെ സംസ്ഥാന അവാര്‍ഡായ ഹരിതകീര്‍ത്തി നേടിയിട്ടുണ്ട്. മാതാവ് ഡെന്‍സിയും കാര്‍ഷിക വൃത്തിയില്‍ സഹായിയായുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.