എൻജിനീയറിൽ നിന്ന് കർഷകനിലേക്ക്
text_fieldsമോനു വർഗീസ് തന്റെ കൃഷിയിടത്തിൽ
കൂത്താട്ടുകുളം: മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കി കാർഷിക വൃത്തിയിലേക്ക് ഇറങ്ങി നേട്ടങ്ങളുടെ പടവുകൾ കയറിയ കഥയാണ് മോനു വർഗീസിന്റെത്. സംയോജിത സമ്മിശ്ര ഫാം കൃഷി ഉടമയായ ഇലഞ്ഞി വെളിയത്തുമ്യാലിൽ മോനു വർഗീസാണ് സംസ്ഥാനത്തെ മികച്ച യുവകർഷക പുരസ്കാരം നേടിയത്.
ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 22 ഏക്കർ ഭൂമി സ്വന്തമായും അഞ്ചേക്കർ ഭൂമി പണയത്തിനെടുത്തുമാണ് കൃഷി. തെങ്ങ്, കൊക്കോ, കവുങ്ങ്, എത്തവാഴ, പശുക്കൾക്കുള്ള പുൽകൃഷി, നെൽകൃഷി, പൈനാപ്പിൾ കൃഷി എന്നിവയും പിതാവിന്റെ കാലത്തുണ്ടായിരുന്ന അഞ്ചരയേക്കർ റബർ കൃഷിയും തുടരുന്നു. ഡയറി ഫാമിൽ 37 പശുവും അഞ്ച് കിടാരിയുമുണ്ട്. ദിവസവും മൂന്നുനേരമായി 550-575 ലിറ്റർ പാൽ ലഭിക്കുന്നു.
2001ൽ പിതാവ് ജോർജ് മാമന്റെ മരണശേഷമാണ് താൻ മുഴുസമയ കർഷകനായതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഫാമിലെ പാലുകൊണ്ട് ഐസ്ക്രീം, നെയ്യ്, തൈര് മുതലായവ മോനുസ് എന്ന ബ്രാൻഡിൽ മാർക്കറ്റിൽ വിൽക്കുന്നു. മോനുസ് നെയ്യ് എന്ന പേരിൽ ഓൺലൈനിലൂടെയും വിൽപനയുണ്ട്.
5700 കിലോയോളം നെല്ല് വർഷം ലഭിക്കുന്നുണ്ട്. 2012ൽ എറണാകുളം ജില്ലയിലെ മികച്ച വാഴക്കർഷനായും 2018ൽ മികച്ച നെൽകർഷകനായും 2021ൽ മികച്ച ജൈവ കർഷകനായും 2022ൽ മികച്ച യുവകർഷകനായും ക്ഷീര കർഷകനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ: നിസ എലിസബത്ത്, മക്കൾ: മറിയം റോസ്, നഥാനിയേൽമാൻ (വിദ്യാർഥികൾ). മാതാവ്: വത്സ മാമൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.