Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാന്തല്ലൂരിലെ 'മധുരവെള്ളരി'; വിദേശഫലങ്ങൾ വിളയുന്ന നാട്ടിലെത്തിയ വെറൈറ്റി ഐറ്റം

text_fields
bookmark_border
അമേരിക്കയിൽനിന്നുള്ള പെപിനോ മെലൺ എന്നുപേരുള്ള ഫലമാണിത്
കാന്തല്ലൂരിലെ മധുരവെള്ളരി; വിദേശഫലങ്ങൾ വിളയുന്ന നാട്ടിലെത്തിയ വെറൈറ്റി ഐറ്റം
cancel

നാം ഇതുവരെ കണ്ടിട്ടില്ലാത്ത പല ഫലങ്ങളും വിളയുന്ന ഒരു നാടുണ്ട് കേരളത്തിൽ. തണുപ്പുള്ള കാലാവസ്ഥയായതിനാൽ വ്യത്യസ്ത കൃഷിയും വിദേശയിനങ്ങളും പരീക്ഷിക്കുകയും അത് വിജയിപ്പിച്ചെടുക്കുകയും ചെയ്തു ഈ ഗ്രാമത്തിലെ കർഷകർ. പറഞ്ഞുവരുന്നത് ശ്രദ്ധേയമായ മറയൂർ സാൻഡൽ ഡിവിഷനിലെ കാന്തല്ലൂരിനെക്കുറിച്ചാണ്.

എന്നാൽ കാര്യം അതല്ല! ഈ അടുത്തായി കാന്തല്ലൂരിലേക്ക് വിദേശത്തുനിന്ന് ഒരതിഥി കൂടി എത്തി. ദക്ഷിണ അമേരിക്കയിൽനിന്നുള്ള 'പെപിനോ മെലൺ' അഥവാ 'മധുരവെള്ളരിക്ക'. ഒരു വിദേശഫലം കൂടി വിജയകരമായി പരീക്ഷിച്ച് കൃഷി ചെയ്ത് വിളവെടുത്തതിന്റെ ആഹ്ലാദത്തിലാണിപ്പോൾ കാന്തല്ലൂർ.

മറയൂർ സാൻഡൽ ഡിവിഷന്റെ കീഴിലുള്ള നെല്ലിപ്പറ്റുകുടി ആദിവാസി ഊരിൽ നടന്ന ഒരു ചന്തയിൽനിന്നാണ് ഈ കാർഷിക വിപ്ലവത്തിന്റെ തുടക്കം. ആദിവാസി ഉൽപ്പന്നങ്ങളുടെ ലേലത്തിനിടയിൽ, ആരുടേയും ശ്രദ്ധയിൽപ്പെടാതെയും ആവശ്യക്കാരില്ലാതെയും കിടന്ന ഒരു പുതിയ വിള മറയൂർ സാൻഡൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ (DFO) എം.ജി. വിനോദ് കുമാറിന്റെ കണ്ണിൽപെട്ടു. കൗതുകം തോന്നി ആ ഉൽപന്നം വാങ്ങി പരിശോധിച്ച അദ്ദേഹം, ഇത് തെക്കേ അമേരിക്കയിലെ പെറു, കൊളംബിയ, ഇക്വഡോർ എന്നിവിടങ്ങളിലെ ആൻഡിയൻ മലനിരകളിൽ ജന്മമെടുത്ത 'പെപിനോ മെലൺ' ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് വനംവകുപ്പിന്റെ മേൽനോട്ടത്തിലുള്ള 'ഇള' പ്രൊവിഷൻ സ്റ്റോർ വഴി ഇവ വിപണിയിലെത്തിക്കുകയും, പ്രാദേശിക കർഷകർക്ക് കൃഷിക്കുള്ള മാർഗനിർദേശങ്ങൾ നൽകി കൃഷി വ്യാപിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

സവിശേഷതകളും വിവിധ ഇനങ്ങളും

ഏകദേശം 90 സെന്റീമീറ്റർ മുതൽ ഉയരത്തിൽ വളരുന്ന, മുള്ളുകളില്ലാത്ത ചെറുചെടിയാണിത്. കട്ടികുറഞ്ഞതും പരുക്കൻ തൊലിയുള്ളതുമായ ശാഖകളും, കടുത്ത പച്ച നിറത്തിലുള്ള ഈന്തപ്പഴത്തിന്റെ ഇലകൾ പോലുള്ള ഇലകളും ഉണ്ടാകും ഇതിന്.

പ്രധാനമായും രണ്ട് ഇനങ്ങളാണ് പെപിനോ മെലണിന്. ഷുഗർ ഗോൾഡ് ആണ് ഒന്നാമത്തേത്. സ്വർണ്ണ നിറത്തിലുള്ളതും, കൊടികൾ പോലെ പടർന്നു വളരുന്നതുമായ ഇനം. തൂക്കിക്കിടത്തുന്ന ബാസ്കറ്റുകളിൽ വളർത്താൻ അനുയോജ്യം. പിയർ പഴത്തിന്റെ വലിപ്പമുള്ള ഇവയ്ക്ക് നല്ല മധുരവും ഫ്രൂട്ടി രുചിയുമുണ്ട്. ഒരു മീറ്റർ വരെ വളരുന്ന, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ വിളവെടുപ്പിന് പാകമാകുന്ന വൈകി വിളയുന്ന പെപിനോ മെലണിന്റെ മറ്റൊരു ഇനമാണ് കോപ.

കാന്തല്ലൂരിലെ കൃഷിരീതി

15 മുതൽ 25 ഡിഗ്രി വരെ താപനിലലാണ് സാധാരണ ഇത് വിളയുന്നത്. 500 മുതൽ 1800 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളുമാണ് ഇതിന് അനുയോജ്യം. മഴക്കാലത്ത് 5-6 സെന്റീമീറ്റർ നീളമുള്ള സോഫ്റ്റ്‌വുഡ് കമ്പുകൾ മുറിച്ചെടുത്ത് മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ തുല്യ അളവിലുളള മിശ്രിതത്തിൽ വേരുപിടിപ്പിച്ചാണ് നടീൽ വസ്തു തയാറാക്കുന്നത്.

15-20 ദിവസങ്ങൾക്ക് ശേഷം പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിനടുന്നതാണ് കാന്തല്ലൂരിന്റെ രീതി. ഹെക്ടറിന് 10 ടൺ ചാണകവളവും, 60 കി.ഗ്രാം നൈട്രജനും, 40 കി.ഗ്രാം ഫോസ്ഫറസും, 40 കി.ഗ്രാം പൊട്ടാസ്യവും നൽകിയാണ് വളപ്രയോഗം നടത്തുന്നത്.

പൂവിടുന്ന ഘട്ടത്തിൽ ഈർപ്പം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. വേനൽക്കാലത്ത് ആഴ്ചയിൽ 2-3 തവണയെങ്കിലും നനയ്ക്കണം. അല്ലാത്തപക്ഷം പൂക്കൾ പിരിഞ്ഞുപോകാൻ സാധ്യതയുണ്ടെന്ന് കർഷകർ പറയുന്നു. പൂവിട്ടു കായ്കളായി മാറാൻ 150 മുതൽ 160 ദിവസം വരെ വേണ്ടിവരും.

ഇളം പച്ച നിറത്തിൽ നിന്ന് ഇളം മഞ്ഞ കലർന്ന പച്ച നിറത്തിലേക്ക് മാറി, മുകളിൽ നേർത്ത പർപ്പിൾ വരകൾ വീഴുമ്പോൾ പഴങ്ങൾ വിളവെടുക്കാം. ഒരു ചെടിയിൽ നിന്ന് 150 മുതൽ 700 ഗ്രാം വരെ തൂക്കമുള്ള 10 മുതൽ 15 പഴങ്ങൾ വരെ ലഭിക്കും. തോട്ടത്തിൽ നിന്ന് പറിച്ചെടുക്കുന്ന പഴങ്ങൾ സാധാരണ താപനിലയിൽ 15-20 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാമെന്നതാണ് പ്രധാന സവിശേഷത.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kanthalloor's Sweet Melon: A New Foreign Fruit Cultivated in Kerala's Cold Village
Next Story