ഔഷധ കൃഷിയിൽ വിജയഗാഥ രചിച്ച് ജുമൈലാ ബാനു
text_fieldsവിളവെടുത്ത ചിത്തരത്തയുമായി ജുമൈലാ ബാനു
വണ്ടൂർ: ചിത്തരത്ത ആയുർവേദ മരുന്ന് കൃഷിയിൽ നൂറുമേനി വിളവുമായി വണ്ടൂർ എറിയാട് സ്വദേശി വടക്കേമണ്ണുങ്ങൽ ജുമൈലാ ബാനു. 12 വർഷമായി കാർഷിക രംഗത്ത് വേറിട്ട കൃഷി പരീക്ഷണങ്ങളുമായി മുന്നേറുന്ന യുവതി ഇത്തവണ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത വിത്തുകളാണ് പരീക്ഷണം നടത്തിയത്.
കിലോക്ക് 600 രൂപ വരെ വിലയുള്ള ചിത്തരത്തക്ക് വലിയ വിപണി സാധ്യതയുള്ളതായും ജുമൈലാ ബാനു പറയുന്നു. കൂവകൃഷി മുതൽ നിരവധി ഔഷധ ചെടികളുടെ കാർഷിക വിപണന രംഗത്ത് വേറിട്ട സാന്നിധ്യമാണ് വണ്ടൂർ എറിയാടുള്ള ജുമൈലാ ബാനു.
കോയമ്പത്തൂരിലെ ഫാർമസിക്ക് വേണ്ടിയാണ് ഇത്തവണ ചിത്തരത്ത കൃഷി പരീക്ഷണം നടത്തിയത്. ചിത്തരത്തയുടെ ഇന്ത്യയിലെ വിത്തുകൾക്ക് ഗുണനിലവാരം കുറവായതിനാലാണ് ചൈനയിൽ നിന്നാണ് വിത്തുകൾ എത്തിച്ചത്.
രാസനാദി പൊടിക്കു പുറമെ വിവിധ ആയുർവേദ ഔഷധങ്ങളിലും ചിത്തരത്ത ഉൾപ്പെടുത്തുന്നുണ്ട്. ഒന്നര വർഷം വളർച്ചയെത്തിയ ചെടികളാണ് വിളവെടുക്കുന്നത്. സാധാരണ കാർഷികവിളകളെപ്പോലെ പന്നി ശല്യം, കീടങ്ങളുടെ ആക്രമങ്ങളും ഈ ചെടിക്കില്ല.
വളം ചെയ്യലടക്കമുള്ള പരിചരണ ചെലവുകളും കുറവാണ്. ഇഞ്ചിയോടു സാമ്യമുള്ള ചെടികൾ പൊട്ടി മുളച്ച് നിറയും. മുരടു ഭാഗമാണ് ഉപയോഗിക്കുന്നത്. മൂപ്പെത്തുന്നതോടെ നല്ല സുഖന്ധവും ഉണ്ടാവും. ഇതിന്റെ പൊടികളും വിത്തുകളും ജുമൈലാ ബാനു വിൽപന നടത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.