ഏലക്കയുടെ ഓൺലൈൻ ലേലത്തിൽ വ്യാപക അട്ടിമറി
text_fieldsഓൺലൈൻ ലേലത്തിന് എത്തിച്ച ഏലക്ക സാമ്പിൾ
കട്ടപ്പന: ഏലക്കയുടെ ഓൺലൈൻ ലേലത്തിൽ നടക്കുന്നത് വ്യാപക തിരിമറിയെന്ന് കർഷകർ. ഇന്ത്യൻ ഏലത്തിനൊപ്പം ഇറക്കുമതി ചെയ്യുന്ന ഗ്വോട്ടിമാല ഏലവും ഇടകലർത്തി ഓൺലൈൻ ലേലത്തിൽ വച്ചാണ് തിരിമറിയെന്നാണ് ആക്ഷേപം. ഇത് തദ്ദേശീയ ഏലത്തിന് കടുത്ത ഭീഷണിയാണെന്ന് കർഷകർ പറയുന്നു. ഒരു വിഭാഗം ഏലക്ക വ്യാപാരികളും ഇടനിലക്കാരും ചേർന്നാണ് തിരിമറികൾക്ക് കളമൊരുക്കുന്നത്. ഇന്ത്യൻ കാർഡമത്തിന്റെ അന്തർദേശീയ വിപണിയിലെ ഡിമാന്റിനു കാരണം അവയുടെ ഗുണമേന്മയാണ്. എന്നാൽ അടുത്ത കാലത്തു ഈ ഗുണ മേന്മക്ക് കാര്യമായ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇതിനെ തുടർന്ന് അന്തർദേശീയ മാർക്കറ്റിലും ആഭ്യന്തര മാർക്കറ്റിലും ഇന്ത്യൻ കാർഡമം കടുത്ത മത്സരം നേരിടുകയാണ്.
കാര്യമായ വിലവർധനവ് ലഭിക്കാതെ കർഷകർ
തോട്ടംമേഖലയിൽനിന്ന് ഏല ഉത്പാദനം കുറയുന്നത് സംബന്ധിച്ച് സുചനകൾ ലഭിച്ചിട്ടും ആഭ്യന്തരമാർക്കറ്റിൽ വില കൂടാതെ നിൽക്കുന്നത് കർഷകരിൽ ആശങ്ക വർധിപ്പിക്കുകയാണ്. ഓൺലൈൻ ലേലത്തിന് എത്തിക്കുന്ന ഇന്ത്യൻ ഏലക്കയോടൊപ്പം ഗ്വാട്ടിമാലയിൽ നിന്ന് ഇറക്കുമതി നടത്തിയ ഏലക്ക കൂട്ടി കലർത്തി വില്പന നടത്തുന്ന വ്യാപാരികളുടെയും ഇടനിലക്കാരുടെയും കളികൾ മുലമാണ് വില കൂടാതെ നിൽക്കുന്നതെന്നാണ് കർഷകരുടെ ആരോപണം.
ഇന്ത്യൻ ഏലത്തിന്റെ ഓപ്പൺ മാർക്കറ്റിലെ ഇപ്പോഴത്തെ ശരാശരി വില കിലോഗ്രാമിന് 2500 രൂപയാണ്. ഏല ഉത്പാദനംകുറഞ്ഞ സമയമായിട്ടും ലേല കേന്ദ്രങ്ങളിൽ എത്തുന്ന ഏലത്തിന്റെ അളവിൽ കാര്യമായ കുറവ് ഉണ്ടാകുന്നില്ല. അതിനു കാരണം ഇറക്കുമതി നടത്തുന്ന ഗ്വാട്ടിമാല ഏലം ഇന്ത്യൻ ഏലത്തിനൊപ്പം ഇടകലർത്തി വിൽക്കുന്നതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഏലം ഇടകലർത്തി ചൂഷണം
സ്പൈസസ് ബോർഡിന് കിഴിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ലേലകേന്ദ്രങ്ങളാണ് ഏലത്തിന്റെ പ്രധാന വിപണന കേന്ദ്രം. ഇടുക്കിയിലെ പുറ്റടി സ്പൈസസ് പാർക്കിലൂടെയും തമിഴ്നാട് ബോഡിനായ്ക്കനൂർ സ്പൈസസ് പാർക്കിലൂടെയുമാണ് ഏലക്ക ഓൺലൈൻ ലേലം നടക്കുന്നത്. ഇവിടെ വില്പനക്കായി ഏലക്ക പതിക്കുന്നതിലാണ് തിരിമറി നടക്കുന്നത്. കർഷകരുടെ പേരിൽ ലേല ഏജൻസികളും വ്യാപാരികളും ചേർന്ന് വൻ തോതിൽ ഏലക്ക വില്പനക്കായി പതിക്കും. പലപ്പോഴും മുൻ ലേലത്തിൽ വ്യാപാരികൾ വാങ്ങിയ ഏലക്ക വീണ്ടും റിപുളിങ് ആയി വില്പനക്ക് പതിക്കും. ഇങ്ങനെ വില്പനക്കായി പതിക്കുന്ന ഏലക്കയിൽ ഇറക്കുമതി ഏലവും ഇടകലർത്തി വില്പനക്ക് വയ്ക്കുന്ന ഏജൻസികളുണ്ട്. കർഷകർ ഇവിടെ ചതിക്കപെടുകയാണ്.
കർഷകരുടെ ഏലക്കായോടൊപ്പം ഇറക്കുമതി ചെയ്യുന്ന ഗുണമേന്മ കുറഞ്ഞ ഏലക്കയും ഇടകലർത്തി വ്യാപാരികൾ വിപണത്തിന് എത്തിക്കുന്നത് വഴി ശരാശരി വില ഇടിയുവാനും കർഷകർക്ക് അവകാശപ്പെട്ട വില ലഭിക്കാതിരിക്കുവാനും ഇടയാകുന്നു. ഈ സാഹചര്യം തിരിച്ചറിഞ്ഞ കർഷകരുടെ സംഘടനകൾ നിറം കലർത്തലിനെതിരെയും ഏലം ഇടകലർത്തി ഓൺലൈൻ ലേലത്തിൽ വിൽക്കുന്ന വ്യാപാരികൾക്കെതിരെയും രംഗത്തിറങ്ങിയിരിക്കുകയാണ്. തട്ടിപ്പ് നടത്തുന്ന വ്യാപാരികൾക്കെതിരെ സ്പൈസസ് ബോർഡ് കർശന നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.