പത്തനംതിട്ട: സംസ്ഥാനത്തെ എട്ട് സ്ഥലങ്ങളിൽ സപ്ലൈകോ പെട്രോൾ പമ്പുകൾ തുറക്കുന്നു. കൊല്ലം, അടിമാലി, ചടയമംഗലം, തിരൂർ, പത്തനംതിട്ട തുമ്പമൺ, മുവ്വാറ്റുപുഴ മാറിക, കൊയിലാണ്ടി ചെങ്ങോട്ടുകാവ്, പാലാ കടപ്ലാമറ്റം എന്നിവിടങ്ങളിലാണ് പുതിയതായി പമ്പുകൾ വരുന്നത്.
നിലവിൽ സംസ്ഥാനത്ത് 13 സ്ഥലങ്ങളിലാണ് സപ്ലൈകോക്ക് ഇന്ധന പമ്പുകളുള്ളത്. ഇതിനൊപ്പമാണ് ഏട്ടെണ്ണം കൂടി ആരംഭിക്കുന്നത്.ഇതുസംബന്ധിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ധാരണയിലെത്തിയ സപ്ലൈകോ അതാത് ജില്ല ഭരണകൂടങ്ങൾക്ക് എൻ.ഒ.സിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ഇത് ലഭിച്ചാലുടൻ പമ്പുകൾ ആരംഭിക്കും. കൊല്ലത്ത് സ്വന്തം സ്ഥലത്തും മറ്റിടങ്ങളിൽ പാട്ടത്തിനെടുത്ത ഭൂമിയിലുമാകും പമ്പുകൾ. പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ ഭൂ ഉടമക്ക് കമ്പനിയാകും വാടക നൽകുക. നടത്തിപ്പ് ചുമതല മാത്രമായിരിക്കും സപ്ലൈകോക്ക്. പുതിയതായി കണ്ടെത്തിയ സ്ഥലങ്ങളിൽ കൊല്ലത്ത് എൻ.ഒ.സി ലഭിച്ചുകഴിഞ്ഞു.
ബിൽഡിങ് പെർമിറ്റുകൂടി ലഭിച്ചാൽ റെയിൽവേ സ്റ്റേഷനോട് ചേർന്ന ഭൂമിയിൽ പ്രവർത്തനം ആരംഭിക്കും. രണ്ടുമാസത്തിനുള്ളിൽ മുഴുവൻ പമ്പുകളും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു.
വിപണി ഇടപെടൽകൂടി ലക്ഷ്യമിട്ടാണ് ഇന്ധന വിതരണശൃംഖല വ്യാപിപ്പിക്കാൻ സപ്ലൈകോ തീരുമാനിച്ചിരിക്കുന്നത്. വിലയിൽ വ്യത്യാസമുണ്ടാകില്ലെങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ള പമ്പെന്ന നിലയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.