ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാരക്കരാർ; സമുദ്രോൽപന്ന കയറ്റുമതി മൂന്നിരട്ടിയാകും

ഇന്ത്യൻ ഉൽന്നങ്ങൾക്ക് അമേരിക്ക കനത്ത പകരച്ചുങ്കവും പിഴയുമെല്ലാം ഈടാക്കി കഴുത്തുമുറുക്കുമ്പോൾ ഇന്ത്യൻ കയറ്റുമതി മേഖലക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാരക്കരാർ. പ്രത്യേകിച്ച് സമുദ്രോൽപന്ന മേഖലക്ക്. കരാർ പ്രകാരം ഇന്ത്യയിൽനിന്നുള്ള സമുദ്രോൽപന്നങ്ങൾക്ക് ഇനി തീരുവയില്ല. ഇതു വരും വർഷങ്ങളിൽ ഇവിടെനിന്ന് യു.കെയിലേക്കുള്ള സമുദ്രോൽപന്ന കയറ്റുമതി മൂന്നിരട്ടിയായി വർധിപ്പിക്കും. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ മത്സ്യമേഖലക്കും തൊഴിലാളികൾക്കും ഉണർവുപകരുന്നതാണ് ഈ മാറ്റം.

നിലവിലെ 8.9 ശതമാനം തീരുവയാണ് പൂർണമായും ഒഴിവാകുന്നത്. ഇപ്പോൾ 1000 കോടി രൂപയുടെ സമുദ്രോൽപന്നങ്ങളാണ് ഇന്ത്യയിൽനിന്ന് യു.കെയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇത് 3000 കോടി രൂപയായി ഉയരുമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രതീക്ഷ. ഇന്ത്യയിൽനിന്നും കയറ്റുമതി ചെയ്യുന്ന ചില മത്സ്യങ്ങൾ യു.കെയിൽ സ്ഥിരംതാമസമാക്കിയ ഇന്ത്യക്കാർക്കും ചൈനക്കാർക്കും പ്രിയപ്പെട്ടതാണ്. സ്വതന്ത്രവ്യാപാര കരാറിന്‍റെ ഭാഗമായി ബ്രിട്ടനിലെ ജനങ്ങൾക്ക് എട്ടു മുതൽ ഒമ്പത് ശതമാനം വരെ വിലക്കുറവിൽ നമ്മുടെ സമുദ്രോൽപന്നങ്ങൾ വാങ്ങാൻ കഴിയും.

പുതിയ വിപണി മത്സ്യത്തൊഴിലാളികൾക്കും, കയറ്റുമതിക്കാർക്കും, ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും ഗുണം ചെയ്യുമെന്ന് സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ മുൻ വൈസ് പ്രസിഡന്‍റ് ഫൊഫാണ്ടി പറയുന്നു. 2300 കിലോമീറ്ററിലായി വ്യാപിച്ചിരിക്കുന്ന തീരപ്രദേശമുള്ള ഗുജറാത്താണ് രാജ്യത്തെ സമുദ്രോൽപന്ന കയറ്റുമതിയിൽ പ്രധാന പങ്ക് വഹിക്കുന്നത്.

ഇന്ത്യൻ സമുദ്രോൽപന്ന കയറ്റുമതിയുടെ 70 ശതമാനവും ചെമ്മീനാണ്. അമേരിക്കയിൽനിന്നും മറ്റു വിപണികളിൽനിന്നുമുള്ള സമ്മർദം ഈ മേഖല നേരിടുന്നുമുണ്ട്. എന്നാൽ, യു.കെ വിപണി തുറക്കുന്നത്, നിലവിലെ സ്ഥിതിയിൽ ആശ്വാസമാണ്. ഇന്ത്യയും യു.കെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക, വ്യാപാരക്കരാർ ജൂലൈയിലാണ് ഒപ്പുവെച്ചത്. ഇന്ത്യയിൽനിന്നുള്ള 99 ശതമാനം ഉൽപന്നങ്ങൾക്കും യു.കെയിൽ തീരുവയില്ലാത്ത പ്രവേശനം ഈ കരാർ ഉറപ്പുനൽകുന്നു. തുണിത്തരങ്ങൾ, തുകൽ ഉൽപന്നങ്ങൾ, സമുദ്രോൽപന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ തൊഴിൽദായക മേഖലകൾക്ക് ഇതു വലിയ ഉത്തേജനം നൽകും.

Tags:    
News Summary - Sea product import will be double by India-UK trade agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.