തിരുവനന്തപുരം: സംവരണ സീറ്റിൽനിന്ന് മെറിറ്റ് സീറ്റിലേക്കുള്ള വിദ്യാർഥികളുടെ മാറ്റം തടഞ്ഞ് എൻജിനീയറിങ് അലോട്ട്മെന്റിൽ വീണ്ടും അട്ടിമറിക്ക് കളമൊരുങ്ങുന്നു. കഴിഞ്ഞ വർഷം നടന്ന സംവരണ അട്ടിമറിക്ക് സമാനമായ അട്ടിമറിക്ക് വഴിയൊരുക്കുന്ന രീതിയിലാണ് എൻജിനീയറിങ് മൂന്നാം അലോട്ട്മെന്റിന് പ്രത്യേകമായി ഓപ്ഷൻ ക്ഷണിച്ചിരിക്കുന്നത്.
സാധാരണ ഗതിയിൽ ആദ്യ റൗണ്ടിൽ രജിസ്റ്റർ ചെയ്യുന്ന ഓപ്ഷൻ അടിസ്ഥാനപ്പെടുത്തിയാണ് മൂന്ന് റൗണ്ടിലും എൻജിനീയറിങ് അലോട്ട്മെന്റ് നടത്തുന്നത്. ഈ ഘട്ടങ്ങളിലെല്ലാം പുതിയ കോളജുകളോ കോഴ്സുകളോ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവയിലേക്ക് മാത്രമേ പുതുതായി ഓപ്ഷൻ സമർപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, ഇത്തവണ മൂന്നാം അലോട്ട്മെന്റിന് പുതുതായി ഓപ്ഷൻ ക്ഷണിക്കുകയായിരുന്നു.
നിലവിൽ പ്രവേശനം നേടിയവർ മാറ്റം ആവശ്യമില്ലെങ്കിൽ പുതിയ ഓപ്ഷൻ സമർപ്പിക്കേണ്ടതില്ലെന്ന് പോർട്ടലിൽ പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്. ഇതുവഴി നിലവിൽ സംവരണ സീറ്റിൽ പ്രവേശനം നേടിയവർ പുതിയ ഓപ്ഷൻ സമർപ്പിക്കാതിരിക്കുകയും അർഹതക്കനുസരിച്ച് മെറിറ്റ് സീറ്റിലേക്ക് മാറുന്നത് തടയുന്നതുമാണ് ഈ നിർദേശം.
സംവരണ സീറ്റിലുള്ള വിദ്യാർഥി മെറിറ്റ് സീറ്റിലേക്ക് മാറിയാൽ ഒഴിവുവരുന്ന സംവരണ സീറ്റിലേക്ക് അതേ സംവരണ വിഭാഗത്തിലെ വിദ്യാർഥിക്ക് പുതുതായി പ്രവേശനം ലഭിക്കും. എന്നാൽ, സംവരണ വിഭാഗത്തിലുള്ളവർ നിലവിൽ ലഭിച്ച സംവരണ സീറ്റിൽ തുടരുകയും പുതിയ ഓപ്ഷൻ സമർപ്പിക്കാതിരിക്കുകയും ചെയ്യുന്നതോടെ അതേ സംവരണ വിഭാഗത്തിലെ വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാതെ വരികയും ചെയ്യും.
കഴിഞ്ഞ വർഷം മൂന്നാം റൗണ്ട് അലോട്ട്മെന്റ് സീറ്റ് ഫില്ലിങ് റൗണ്ട് എന്നാക്കി മാറ്റി പുതിയ ഓപ്ഷൻ ക്ഷണിച്ച്, സംവരണ വിഭാഗങ്ങളെ മെറിറ്റ് സീറ്റിലേക്ക് അർഹതക്കനുസരിച്ച് മാറ്റാതെ മെറിറ്റും സംവരണവും അട്ടിമറിക്കുന്ന അലോട്ട്മെന്റ് ‘മാധ്യമം’ വാർത്തയെ തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.