യു ആകൃതിയിലുള്ള ക്ലാസ് മുറി (പ്രതീകാത്മക ചിത്രം)
വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മധ്യവേനലവധി മഴക്കാലത്തേക്ക് മാറ്റിയാലോ എന്നതായിരുന്നു അതിലൊന്ന്. സ്കൂൾ സമയമാറ്റം മറ്റൊന്ന്. സ്കൂളിൽ ബാക്ക് ബെഞ്ചുകാരെ ഇല്ലാതാക്കുമെന്നും അതിനു ശേഷം മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. അതിനായി ക്ലാസ്മുറികൾ അടിമുടി മാറ്റുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. പിൻ ബെഞ്ചുകാരെ ഒഴിവാക്കാനായി യു ആകൃതിയിൽ ക്ലാസ് മുറികളിൽ ഇരിപ്പിടം ഒരുക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
സാധാരണ അധ്യാപകരുടെ കണ്ടെത്താത്ത പിൻബെഞ്ചിൽ ഇരിക്കുന്നത് പതിവാക്കിയ ഒരുപാട് കുട്ടികളുണ്ടാകും. ചില സ്കൂളുകളിൽ ക്ലാസ്മുറികളിൽ റൊട്ടേഷൻ സിസ്റ്റവുമുണ്ട്. അതനുസരിച്ച് ഓരോ ദിവസവും വിദ്യാർഥികളുടെ ഇരിപ്പിടം മാറിക്കൊണ്ടിരിക്കും. ഒരാൾക്കും എല്ലാ ദിവസവും പിൻബെഞ്ചിൽ ഇരിക്കേണ്ടി വരില്ല, സ്ഥിരം സീറ്റുമുണ്ടാകില്ല. പറഞ്ഞു വരുന്നത് അതിനെ കുറിച്ചല്ല.
മുന്നിലും പിന്നിലും ബെഞ്ചിടുന്നതിന് പകരം, ക്ലാസ് യു ഷേപ്പിൽ(അർധ വൃത്താകൃതിയിൽ)ഒരുക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
ക്ലാസിലെ എല്ലാ കുട്ടികൾക്കും അധ്യാപകരുടെ ശ്രദ്ധ ഒരുപോലെ കിട്ടാൻ വേണ്ടിയാണിത്. ചില സ്കൂളുകളിൽ ഇതിന് സൗകര്യമുണ്ടായിരിക്കും. എന്നാൽ പഴയ സ്കൂൾ കെട്ടിടങ്ങളിൽ ഒരിക്കലും അർധ വൃത്താകൃതിയിൽ ക്ലാസ് മുറികൾ ഒരുക്കാനാകില്ല. അതിന്റെ പരിമിതിയെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിക്കും ബോധ്യമുണ്ട്. വിദ്യാർഥികളുടെ എണ്ണം കുറച്ചാൽ മാത്രമേ ക്ലാസ്മുറികൾ അർധ വൃത്താകൃതിയിലാക്കാൻ സാധിക്കുകയുള്ളൂ.
അങ്ങനെ വരുമ്പോൾ ഒരു ക്ലാസിൽ പരമാവധി 20 കുട്ടികളെ പറ്റുകയുള്ളൂ. അധ്യാപക-വിദ്യാർഥി അനുപാതം വെച്ച് നോക്കുമ്പോൾ ഇത് പ്രായോഗികമല്ല. 1:30 ആണ് പ്രൈമറിയിൽ അധ്യാപക വിദ്യാർഥി അനുപാതം. യു.പിയിൽ അത് 1:35 ആണ്. ഹൈസ്കൂളിൽ 1:40ഉം ഹയർസെക്കൻഡറിയിൽ 1:50മാണ് അധ്യാപക വിദ്യാർഥി അനുപാതം. ഈ സാഹചര്യത്തിൽ ഡിവിഷനുകൾ കൂട്ടുകയും ഒരു ക്ലാസിലെ വിദ്യാർഥികളുടെ എണ്ണം കുറക്കുകയും ചെയ്തെങ്കിൽ മാത്രമേ ക്ലാസ്മുറികൾ യു ആകൃതിയിലേക്ക് മാറ്റാൻ സാധിക്കുകയുള്ളൂ.
അങ്ങനെ വന്നാലും പ്രൈമറി സ്കൂളുകളിൽ മാത്രമേ ക്ലാസ് മുറികൾ യു ഷേപ്പിൽ ആക്കാൻ സാധിക്കുകയുള്ളൂ എന്നും കാണാം. സാധാരണ ആറു മീറ്റർ നീളത്തിലും വീതിയിലുമാണ് ഒന്നുമുതൽ 10 വരെയുള്ള ക്ലാസ്മുറികൾ നിർമിക്കുക. ഒമ്പത് മീറ്റർ നീളം, ആറ് മീറ്റർ വീതിയിലുമാണ് ഹയർ സെക്കൻഡറി ക്ലാസ് മുറികൾ നിർമിക്കുന്നത്.
തമിഴ്നാട്ടിലും യു ആകൃതിയിലുള്ള ഇരിപ്പിട ക്രമീകരണങ്ങൾ പരീക്ഷിച്ചുവരികയാണ്. യു ആകൃതിയിലുള്ള ഇരിപ്പിട ക്രമീകരണം മൂലം എല്ലാ കുട്ടികളിലേക്കും അധ്യാപകന്റെ ശ്രദ്ധ ഒരുപോലെ എത്തുന്നു. മുൻനിര, പിൻ നിര ബെഞ്ചുകാർ തമ്മിലുള്ള വിടവ് നികത്താനും ഇത് സഹായിക്കുന്നു. വിദ്യാർഥികൾക്കും പരസ്പരം എളുപ്പം ഇടപഴകാൻ കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.