എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ഒരു തെരുവിന്റെ കഥ’ ഒരങ്ങാടിക്കഥയാണ്. വിചിത്രമായ കുറേ മനുഷ്യരുള്ള ഒരു തെരുവിന്റെ, ഒരു പട്ടണത്തിന്റെ കഥ. സവിശേഷമായ ഒരു കഥ എന്നതിനപ്പുറത്ത് കുറേ മനുഷ്യരുടെ സ്കെച്ചാണത്. കെ. ശരീഫിന്റെ ‘സലീം സർക്കസും’ ഒരങ്ങാടിക്കഥയാണ്. ‘ഒരു അങ്ങാടിക്കഥ’ എന്ന് പുസ്തകപ്പേരിനൊപ്പം ചേർത്തിട്ടുണ്ട്. താൻ ജീവിച്ചും അനുഭവിച്ചും കടന്നുപോയ ഒരങ്ങാടിയിലെ വിചിത്രരായ കുറേ മനുഷ്യരെയും കുറേ സന്ദർങ്ങെളയും വരച്ചിടുന്ന ഒരു സ്കെച്ച് ബുക്കാണ് ഈ പുസ്തകം.
ശരീഫിന്റെ ചിത്രങ്ങളുടെ വാങ്മയ രൂപമാണ് ഈ പുസ്തകവും. കാർണിവലിന്റെ പശ്ചാത്തലത്തിൽനിന്നുകൊണ്ട് ഒരങ്ങാടിയും അതിന്റെ പരിസരങ്ങളും തന്റെ ജീവിതവുമായി എങ്ങനെ ഇഴുകിച്ചേർന്നിരിക്കുന്നു എന്നതാണ് ശരീഫ് വരച്ചിടുന്നത്. എന്നാൽ, കേവലമായ ഒരങ്ങാടി കഥയുമല്ലിത്. അതിലൂടെ ജീവിത നിലപാടുകൾകൂടി ഊന്നിപ്പറയുകയാണ് ഗ്രന്ഥകാരൻ.
ഒരങ്ങാടിയിലെ കാർണിവൽ മൈതാനത്ത് നിന്നുകൊണ്ട് കാലത്തെ അഭിമുഖീകരിച്ചു നടത്തുന്ന നയപ്രഖ്യാപനം കൂടിയാണ്. യുദ്ധം, കൊല, ഭരണകൂട ഭീകരത തുടങ്ങി പല തലങ്ങളിലേക്ക് എഴുത്തുകാരന്റെ ചിന്ത വികസിക്കുന്നുണ്ട്. ചിലത് സറ്റയർ ആണെങ്കിൽ ചിലത് കൂർത്ത പരിഹാസങ്ങളും കറുത്ത ഫലിതങ്ങളുമാണ്.
ഒന്നാമത്തെ അധ്യായത്തിന്റെ പേര് അങ്ങാടിയിൽ അടി എന്നാണ്. ഏത് അങ്ങാടിയിലും എപ്പോഴും അടി നടക്കാം. കാരണങ്ങൾ പലതാകാം. ഗുണഭോക്താക്കളും പലരുമാകാം. എന്നാൽ, അവസാനം ഇരകളാകുന്നത് ഒന്നുമറിയാത്ത പാവങ്ങളും നിരപരാധികളുമാകും. ഇവിടെയും എല്ലാം കഴിഞ്ഞ് ഒരു സബർജലും തിന്ന് നടന്നുവരുന്ന പോക്കിരി ആലി എന്നറിയപ്പെടുന്ന നിഷ്കളങ്ക മനുഷ്യനെയാണ് പൊലീസ് പിടികൂടി ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നത്.
പോക്കിരി അയാളുടെ പേരു മാത്രമാണ്. ആൾ പാവമാണെന്ന് നാട്ടുകാർക്കറിയാം. മനുഷ്യരിൽ എങ്ങനെയൊക്കെ ചില പേരുകളും ചാപ്പകളും മുദ്രയടിക്കപ്പെടുന്നു എന്ന വർത്തമാന സത്യത്തിന്റെ നേർചിത്രം. പേരുകൾതന്നെ കുറ്റമായി തീരുന്ന വംശീയ യുക്തിയിലേക്കുള്ള ചൂണ്ടുപലക. ഇങ്ങനെ ഈ അങ്ങാടിയിൽ നടക്കുന്ന പല സംഭവങ്ങൾക്കും അതിന്റെ പ്രത്യക്ഷ ഭാവത്തിനപ്പുറത്ത് അർഥതലങ്ങളുണ്ട്.
‘സുബേറിന്റെ തത്തകൾ’ എന്ന അധ്യയം നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയെ ശരിക്കും തലകുത്തി നിർത്തുന്നുണ്ട്. നമ്മുടെ വ്യവസ്ഥ പുറംതള്ളിയ ചെവിടൊലിക്കുന്ന മന്തനായ സുബേറിന്റെ സ്വപ്നങ്ങളിൽ തത്തകളും കിളികളും മാത്രമേയുള്ളൂ. ക്ലാസിൽ ഉറങ്ങിയതിന് അധ്യാപകൻ ചൂരൽ വീശുമ്പോഴും അവൻ അക്ഷോഭ്യനായി നിൽക്കുന്നത് ഇത് തന്റെ ഇടമല്ല എന്ന തിരിച്ചറിവുകൊണ്ടാണ്.
നാടും നാട്ടുമനുഷ്യരും ഗ്രാമീണ നൈർമല്യവും സൗഹൃദങ്ങളും ആരവങ്ങളും ആനന്ദങ്ങളും എല്ലാം ചേർന്ന ഒരു അതീത യാഥാർഥ്യം എഴുത്തിന് സവിശേഷ മാസ്മരികത നൽകുന്നു. ആർക്കും മനസ്സിലാകാത്ത ഭാവുകത്വം പേറുന്ന ശുദ്ധ മനുഷ്യരാണ് ഉന്മാദികൾ. എല്ലാ അങ്ങാടികൾക്കുമുണ്ടാകും ഇവരുടെ മേൽവിലാസം. ഈ അങ്ങാടിയിലും അത്തരം ചിലർ വന്നു പോകുന്നു.
പുഴയും മീൻപിടിത്തവും ബീഡിവലിയും നാടൻ കള്ളൻമാരും ആൺ ലമ്പടൻമാരും എല്ലാം ഒരു ഘോഷയാത്രപോലെ കടന്നുപോകുന്നു. അങ്ങാടിയിലെ കാർണിവൽ, അവിടെയെത്തുന്ന സർക്കസ്, മരണക്കിണർ, മാജിക്, മൃഗശാല തുടങ്ങി പ്രദർശനങ്ങൾ. അതിലെ കയ്പും മധുരവുമുള്ള ഓർമകൾ. അതിലെ സാമൂഹികവും വ്യക്തിപരവുമായ ആഹ്ലാദങ്ങൾ. ഏതൊരാളുടെയും ബാല്യ-കൗമാര കാലത്തിന്റെ അതിസാധാരണ അനുഭവങ്ങളാണ് ശരീഫ് തന്റെ മാന്ത്രിക എഴുത്തിലൂടെ ഒരു ചിത്രംപോലെ മനോഹരമായി വായനക്കാർക്ക് നൽകുന്നത്. സൂക്ഷ്മമായ നിരീക്ഷണം എഴുത്തിനെ മാറ്റുള്ളതാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.