ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ജീവിതം പുസ്തകമാകുന്നു, മൂന്നു മാസത്തിനുള്ളിൽ പുറത്തിറങ്ങും

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ജീവിതം പുസ്തകമാകുന്നു. മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം അഷ്റഫ് ആണ് പുസ്തകം രചിക്കുന്നത്. പുസ്തകത്തിൻറെ 70 ശതമാനം ജോലികളും പൂർത്തിയായെന്നും മൂന്നു മാസത്തിനുള്ളിൽ പുസ്തകം പുറത്തിറക്കുമെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു. അർജുൻ്റെ ജീവിതവും മണ്ണിടിച്ചിലിന് ശേഷമുള്ള 72 ദിവസത്തെ തെരച്ചിലും ഉൾക്കൊള്ളിച്ചാണ് പുസ്തകം തയാറാക്കുന്നത്.

അർജുനെ കണ്ടെത്താനായി തെരച്ചിൽ നടത്തുമ്പോൾ നടത്തുമ്പോൾ എം.എൽ.എ. എ.കെ.എം. അഷ്റഫും ഷിരൂരിൽ ഉണ്ടായിരുന്നു. ആ അനുഭവമാണ് പുസ്തകം എഴുതാൻ പ്രചോദനമായതെന്നും പുസ്തകത്തിന് കുടുംബത്തിൻറെ പൂർണപിന്തുണയുണ്ടെന്നും അഷ്റഫ് പറഞ്ഞു.

അർജുനെ കണ്ടെത്താനായുള്ള ദൗത്യം നടക്കുമ്പോൾ പൂർണ പിന്തുണ നൽകി കൂടെ നിന്നതിന് നന്ദി അറിയിച്ചു കൊണ്ട് കഴിഞ്ഞ പെരുന്നാളിന് അർജുൻ്റെ അമ്മ ഷീല എ.കെ.എം. അഷ്റഫ് എം.എൽ.എ.ക്ക് കത്തയച്ചിരുന്നു.

'ഒരു കണ്ണീർമഴക്കാലത്ത് സങ്കടക്കടലിൽ അകപ്പെട്ട ഒരു കുടുംബം കച്ചിത്തുരുമ്പെങ്കിലും കൈകളിൽ തടഞ്ഞെങ്കിലെന്ന് പ്രാർഥിക്കവെ... ഒരുപാടൊരുപാട് കൊതുമ്പുവള്ളങ്ങൾ പരമകാരുണികനായ ദൈവം അയച്ചുതന്നു. അതിൽ ഏറ്റവും ചേർന്നുനിന്ന വള്ളങ്ങളിലൊന്ന് താങ്കളുടേതായിരുന്നു. അന്ന് മുതലെന്നും താങ്കളും ഞങ്ങളോടൊപ്പം ചേർന്നുനിന്നു. കുറച്ച് വാക്കുകളിൽ തീരുന്നതല്ല കടപ്പാടുകൾ. എന്നും നന്മകൾ നേർന്നുകൊണ്ട് അമ്മ-ഷീല കെ.സി.' എന്നായിരുന്നു കത്തിന്റെ പൂർണരൂപം. '

അർജുൻ്റെ കുടുംബം, കാർവാർ എം.എൽ.എ. സതീഷ് സെയിൽ, കർണാടക കളക്ടർ, ഈശ്വർ മാൽപെ തുടങ്ങിയവരിൽ നിന്നെല്ലാം വിവരങ്ങൾ ശേഖരിച്ചാണ് പുസ്തകം രചിക്കുന്നത്. അർജുൻ്റെ മരണവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും പുസ്തകത്തിൽ ഉണ്ടാകുമെന്ന് അഷ്റഫ് പറഞ്ഞു. ഒലിവ് പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കുക.

Tags:    
News Summary - The life of Arjun, who died in the Shirur landslide, is being turned into a book, to be released in three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-07-18 07:13 GMT