സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ കോടതിയിൽ ഹാജരാകാനുള്ള സമൻസ് അയച്ച് എക്ണോമിക് ഒഫൻസീവ് വിങ്. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ദമ്പതികൾ വ്യവസായി ദീപക് കോത്താരിയിൽ നിന്ന് 60.48 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2015നും 2023നും ഇടയിൽ ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന ദമ്പതികൾ 60 കോടി രൂപ വാങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ചെന്നാണ് വ്യവസായി ദീപക് കോത്താരിയുടെ ആരോപണം.
ശില്പ ഷെട്ടിക്കെതിരെ മുംബൈയിലും കൊൽക്കത്തയിലും സാമ്പത്തിക തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. ഇരുവരും പതിവായി അന്താരാഷ്ട്ര യാത്രകൾ നടത്തുന്നതിനാൽ കേസിന്റെ പരിധിയിൽ നിന്നും രക്ഷപെടുന്നത് തടയാനാണ് സിറ്റി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ 12% വാർഷിക പലിശയോടെ പണം തിരികെ നൽകുമെന്ന് ഉറപ്പുനൽകിയിരുന്നതായും 2016 ഏപ്രിലിൽ ശിൽപ്പ ഷെട്ടി രേഖാമൂലം ഒരു വ്യക്തിഗത ഗ്യാരണ്ടി നൽകിയിരുന്നതായും ദീപക് പറയുന്നു. ഇതിന് പിന്നാലെ ഏതാനും മാസങ്ങൾക്കുള്ളിൽ ശിൽപ്പ ഷെട്ടി സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.
സെപ്റ്റംബർ 10 ന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകാൻ ആദ്യം ആവശ്യപ്പെട്ടെങ്കിലും രാജ് കുന്ദ്ര സമയം നീട്ടിനൽകണമെന്ന് അഭ്യർത്ഥിച്ചതിനെ തുടർന്ന് സെപ്റ്റംബർ 15ലേക്ക് മാറ്റിയിട്ടുണ്ട്. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്‍റെ ഓഡിറ്റർമാർക്കും ചോദ്യം ചെയ്യലിനായി സമൻസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.