ടോം ഫെൽട്ടനൊപ്പം എ.ആർ റഹ്മാൻ
'ഹാരി പോട്ടർ' ഫിലിം ഫ്രാഞ്ചൈസിയിൽ ഹാരിപോട്ടറിന്‍റെ എതിരാളിയായ ഡ്രാക്കോ മാൽഫോയിയെ അവതരിപ്പിച്ച് പ്രശസ്ത ബ്രിട്ടീഷ് നടൻ ടോം ഫെൽട്ടനുമൊത്തുള്ള ഫോട്ടോ പങ്കുവെച്ച് എ.ആർ റഹ്മാൻ. ചലച്ചിത്ര നിർമാതാവ് ഹൻസൽ മേത്തയുടെ വരാനിരിക്കുന്ന 'ഗാന്ധി' എന്ന സീരിസിലൂടെ ഫെൽട്ടൺ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.
ഈ പരമ്പരയുടെ വേൾഡ് പ്രീമിയർ അടുത്തിടെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടന്നു. മൂന്ന് പ്രധാന ഭാഗങ്ങളായിട്ടാണ് ഈ പരമ്പരയുടെ നിര്‍മാണം നടക്കുന്നത്. മേളയുടെ പ്രൈം ടൈം വിഭാഗത്തിലേക്കാണ് ആദ്യഭാഗത്തിന്‍റെ ആഗോള പ്രദര്‍ശനോദ്ഘാടനം നടന്നത്. അമ്പതുവര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യയില്‍ നിന്ന് ടൊറോന്‍റോ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സീരീസാണിത്.
ഓസ്കർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ സംഗീതവും ഈ സീരിസിലുണ്ട്. ഇപ്പോഴിതാ എ.ആർ റഹ്മാൻ ടോം ഫെൽട്ടനുമായുള്ള ഒരു ചിത്രം പങ്കുവെച്ചതാണ് ശ്രദ്ധ നേടുന്നത്. ‘ഡ്രാക്കോക്കൊപ്പം’ എന്ന വാചകത്തോടെയാണ് എ.ആർ റഹ്മാൻ ചിത്രം പങ്കുവെച്ചത്. ടോം ഫെൽട്ടനാണ് ഞാൻ സ്കോർ ചെയ്യുന്ന ഗാന്ധി സീരിസിന്‍റെ പ്രധാന ഭാഗം. ഇന്നലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രീമിയർ ചെയ്തു എന്ന അടിക്കുറിപ്പോടെ റഹ്മാൻ മേത്തയെയും പ്രധാന നടൻ പ്രതീക് ഗാന്ധിയെയും മറ്റുള്ളവരെ ടാഗ് ചെയ്തുകൊണ്ടാണ് റഹ്മാൻ പോസ്റ്റ് പങ്കിട്ടത്.
അപ്ലോസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് നിർമിക്കുന്ന ഈ സീരീസില്‍ പ്രതീക് ഗാന്ധിയാണ് മഹാത്മഗാന്ധിയുടെ വേഷം ചെയ്യുന്നത്. മുമ്പ് മനോജ് ഷായുടെ 'മോഹന്‍ നോ മസാലോ' എന്ന ഗുജറാത്തി നാടകത്തില്‍ അദ്ദേഹം ഗാന്ധിവേഷം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ തന്നെ ജീവിതപങ്കാളിയായ ഭാമിനി ഓസയാണ് കസ്തൂര്‍ബയുടെ വേഷമിടുന്നത്. ചിത്രത്തിന്‍റെ ചരിത്രോപദേശകനായി പ്രവര്‍ത്തിക്കുന്നത് വിവിധ ടെലിവിഷന്‍ പരിപാടികളികളിലൂടെയും ക്വിസ് പ്രൊഗ്രാമുകളിലൂടെയും സുപരിചിതനായ സിദ്ധാര്‍ത്ഥ് ബസുവാണ്. ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് ഈ പരമ്പര നിർമിച്ചിട്ടുള്ളത്. വൈഭവ് വിശാല്‍, ഹേമ ഗോപിനാഥന്‍, സെഹാജ് മെയ്‌നി, കരണ്‍ വ്യാസ്, ഫെലിക്‌സ് വോണ്‍ സ്റ്റം, യശ്‌ന മല്‍ഹോത്ര എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.