കൊച്ചി: നടിയുടെ പരാതിയിൽ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം. കഴിഞ്ഞ ദിവസം എളമക്കര പൊലീസ് മുംബൈയിലെത്തി കസ്റ്റഡിയിലെടുത്ത സനലിനെ കൊച്ചിയിൽ എത്തിച്ചിരുന്നു. തുടർന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
നടിയുടെ പരാതിയിൽ കേരള പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് നിലനിൽക്കവെയാണ് സനലിനെ മുംബൈ പൊലീസ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത്. ഞായറാഴ്ച രാവിലെ അമേരിക്കയിൽനിന്ന് മുംബൈയിലെത്തിയപ്പോഴായിരുന്നു ഇത്. പൊലീസ് തടഞ്ഞ വിവരം സനൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. തന്നെ തടഞ്ഞുവെച്ചതിന്റെ കാരണം അറിയില്ല എന്നും ഭക്ഷണമോ കുടിവെള്ളമോ നൽകിയില്ല എന്നും സനൽ കുമാർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
നടി ഒരു സംഘത്തിന്‍റെ പിടിയിലാണെന്നും തനിക്കെതിരെ മാത്രമല്ല, ആരാണോ അവരുമായി മാനസികമായി അടുപ്പത്തിന് ശ്രമിക്കുന്നത് അവർക്കെതിരെയെല്ലാം കേസ് കൊടുക്കുന്നു എന്നും ജാമ്യം ലഭിച്ച ശേഷം സനൽ കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവരെ തടവിൽ വെച്ചിരിക്കുന്ന ഒരു മാഫിയയുണ്ട്. ആ മാഫിയയാണ് ഈ കേസിന് പിന്നിലുള്ളത്. ഞങ്ങൾ തമ്മിൽ ലൗ റിലേഷൻഷിപ്പുണ്ട്. ഞങ്ങൾ സംസാരിച്ചിട്ടുണ്ട്, ഞാൻ ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഏഴു വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. മൂന്നര വർഷമായി ഞാനിത് തുറന്നുപറയുന്നു. ഇതൊന്നും അവരോട് ആരും അന്വേഷിച്ചിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി ഞാൻ രണ്ടുതവണ പരാതി കൊടുത്തിട്ടുണ്ട്. പക്ഷേ, എനിക്കെതിരെ ഇ-മെയിൽ വഴി അയച്ച പരാതിയിൽ മൊഴി പോലും എടുക്കാതെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു -സനൽ കുമാർ പറഞ്ഞു.
ജനുവരിയിലാണ് നടിയെ സമൂഹമാധ്യമങ്ങളിലൂടെ ശല്യം ചെയ്തു എന്ന പരാതിയിൽ എളമക്കര പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.