'ലോക'യിലെ മൂത്തോന്‍ മമ്മൂട്ടി തന്നെ; സസ്‌പെന്‍സ് പൊളിച്ച് ദുല്‍ഖറിന്‍റെ പിറന്നാളാശംസ

മലയാളത്തിലെ ആദ്യ വനിത സൂപ്പർ ഹീറോ ചിത്രമാണ് ലോക ചാപ്റ്റർ1 ചന്ദ്ര. ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. സിനിമ കണ്ടിറങ്ങിയവരെല്ലാം ലോകയിലെ മൂത്തോൻ ആരാണ് എന്ന് ചിന്തിച്ചുകാണും. ഇപ്പോഴിതാ, മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആ സസ്പെൻസ് പൊളിച്ചിരിക്കുകയാണ് ദുല്‍ഖർ സൽമാൻ.

മൂത്തോന് പിറന്നാൾ ആശംസകൾ എന്ന പോസ്റ്ററാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസ അറിയിച്ച് ദുൽഖർ പങ്കുവെച്ചത്. മൂത്തോൻ എന്ന കഥാപാത്രം മമ്മൂട്ടിയാണെന്ന് പലരും സംശയം പങ്കുവെച്ചിരുന്നു. ദുൽഖറിന്‍റെ പിറന്നാളാശംസ അത് ഔദ്യേഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. നിരവധിപ്പേരാണ് ദുൽഖറിന്‍റെ പോസ്റ്റിൽ പ്രതികരിച്ചിരിക്കുന്നത്. എല്ലാവരും തങ്ങളുടെ സംശയം മാറിയതിന്‍റെ സന്തോഷത്തിലാണ്.

മമ്മൂട്ടിയുടെ 74ാം പിറന്നാളാണ് ഇന്ന്. തന്‍റെ ഇച്ചാക്കക്ക് മോഹൻലാലും ആശംസ അറിയിച്ചിട്ടുണ്ട്. 'പ്രിയപ്പെട്ട ഇച്ചാക്കക്ക് പിറന്നാൾ ആശംസകൾ' എന്ന കുറിപ്പോടെയാണ് മോഹൻലാൽ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. അതേസമയം, പിറന്നാൾ ദിനത്തിൽ മമ്മൂട്ടി പുതിയ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 'എല്ലാവർക്കും സ്നേഹവും നന്ദിയും പിന്നെ സർവശക്തനും' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നാണ് ആരാധകരുടെ കമന്‍റുകളിൽ അധികവും.

ചെന്നൈയിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പമാണ് ഇത്തവണത്തെ പിറന്നാൾ. മമ്മൂട്ടി കേരളത്തിൽ ഇല്ലെങ്കിലും കൊച്ചിയിലെ വീടിന് മുന്നില്‍ ഇന്നലെ അര്‍ധരാത്രി ആരാധകര്‍ പിറന്നാൾ ആഘോഷം നടത്തിയിരുന്നു. ആശംസകള്‍ നേര്‍ന്നും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. രാത്രി 12ന് മമ്മൂട്ടിയോട് സംസാരിക്കുന്ന ആരാധകരുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

Tags:    
News Summary - dulquer salmaan mammootty is moothon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.