ഇന്ന് മലയാളത്തിന്‍റെ പ്രിയ നടൻ മമ്മൂട്ടിയുടെ പിറന്നാളാണ്. സഹതാരങ്ങളും ആരാധകരും പ്രിയ താരത്തിന് സമൂഹ മാധ്യമത്തിലൂടെ പിറന്നാൾ ആശംസകൾ അറിയിക്കുന്നുണ്ട്. നടൻ രമേഷ് പിഷാരടി പങ്കുവെച്ച പോസ്റ്റ് വൈറലാണ്. കലാമൂല്യമുള്ള സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ഒരു സിനിമ പോലെയാണ് മമ്മുക്കയെന്ന് അദ്ദേഹം കുറിച്ചു.
'കലാമൂല്യമുള്ള സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ഒരു സിനിമ പോലെയാണ് മമ്മൂക്ക...ഒരു നൂറു കാരണങ്ങൾ ഉണ്ടാകും ആ സിനിമയെ ഇഷ്ടപ്പെടാൻ...ഓരോരുത്തർക്കും ഓരോന്ന്..അത് കാലത്തെ അതിജീവിക്കും...എവിടെ എപ്പോളാണെങ്കിലും വീണ്ടും വീണ്ടും കാണും....കണ്ടവർ കാണാത്തവരോട് അതിനെക്കുറിച്ചു വാചാലരാകും. മറ്റു ഭാഷകളിലേക്ക് പോകും...അംഗീകരിക്കപ്പെടും... ആരാധിക്കും. ചെറിയ ഒരു ഇടവേള ഉണ്ടാകും..... അതിഗംഭീരമായി മുന്നിലേക്ക് പോകും....കരഞ്ഞും ചിരിച്ചും സന്തോഷിച്ചും കയ്യടിച്ചും ആ കഥക്കൊപ്പം നമ്മളും......നല്ല സിനിമകൾ അത്ഭുതമാണ് മമ്മുക്കയും' - രമേഷ് പിഷാരടി എഴുതി.
മമ്മൂട്ടിയുടെ 74ാം പിറന്നാളാണ് ഇന്ന്. തന്‍റെ ഇച്ചാക്കക്ക് മോഹൻലാലും ആശംസ അറിയിച്ചിട്ടുണ്ട്. 'പ്രിയപ്പെട്ട ഇച്ചാക്കക്ക് പിറന്നാൾ ആശംസകൾ' എന്ന കുറിപ്പോടെയാണ് മോഹൻലാൽ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. അതേസമയം, പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയും പുതിയ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 'എല്ലാവർക്കും സ്നേഹവും നന്ദിയും പിന്നെ സർവശക്തനും' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നാണ് ആരാധകരുടെ കമന്‍റുകളിൽ അധികവും.
ചെന്നൈയിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പമാണ് ഇത്തവണത്തെ പിറന്നാൾ. മമ്മൂട്ടി കേരളത്തിൽ ഇല്ലെങ്കിലും കൊച്ചിയിലെ വീടിന് മുന്നില്‍ ഇന്നലെ അര്‍ധരാത്രി ആരാധകര്‍ പിറന്നാൾ ആഘോഷം നടത്തിയിരുന്നു. ആശംസകള്‍ നേര്‍ന്നും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. രാത്രി 12ന് മമ്മൂട്ടിയോട് സംസാരിക്കുന്ന ആരാധകരുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.