ഡോണൾഡ് ട്രംപ്, സൽമാൻ ഖാൻ
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാൻ ബിഗ് ബോസ് 19ന്‍റെ പുതിയ എപ്പിസോഡിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരിഹസിച്ചതാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചർച്ചാ വിഷയം. സൽമാൻ വാർത്തകളൊക്കെ ശ്രദ്ധിക്കുന്ന ആളാണോ എന്നായിരുന്നു നെറ്റിസൺസ് അത്ഭുതം കൂറിയത്. 'ലോകമെങ്ങും എന്താണ് സംഭവിക്കുന്നത്? കുഴപ്പങ്ങൾ പരത്തുന്നവർ സമാധാന നൊബേലിനായി ആഗ്രഹിക്കുകയാണ്'-എന്നായിരുന്നു സൽമാന്റെ പരാമർശം. പേരു പറയാതെയാണ് സൽമാന്റെ പരാമർശമെങ്കിലും അത് ട്രംപിനെ കുറിച്ചാണ് എന്നത് നെറ്റിസൺസിന് ഉറപ്പായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ-പാകിസ്താൻ, ഇസ്രായേൽ-ഫലസ്തീൻ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര സംഘർഷങ്ങൾ മധ്യസ്ഥത വഹിച്ച് 'പരിഹരിച്ചതായി' ട്രംപ് അവകാശപ്പെട്ടിരുന്നു. സംഘർഷത്തിലുള്ള കക്ഷികൾ ഈ അവകാശവാദങ്ങൾ ആവർത്തിച്ച് തള്ളിക്കളഞ്ഞിട്ടും ട്രംപിന്റെ അനുയായികൾ അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേൽ നോമിനേഷനായി ഇത് ഉപയോഗിച്ചു.
നടന്റെ പരാമർശം പലരെയും അത്ഭുതപ്പെടുത്തി. സൽമാൻ വാർത്ത കാണുന്നുണ്ടോ? എനിക്ക് ഒരിക്കലും ഊഹിക്കാൻ കഴിയുമായിരുന്നില്ല എന്നാണ് ഒരു ആരാധകൻ എക്സിൽ കുറിച്ചത്.
ബിഗ്ബോസിൽ ട്രംപിനെ സൽമാൻ ഭായ് പരിഹസിക്കുന്നു എന്ന അടിക്കുറിപ്പോടെ റെഡ്ഡിറ്റിൽ മറ്റൊരാൾ വിഡിയോ ക്ലിപ്പ് പങ്കുവെച്ചു. ട്രംപ് പ്രതികരിക്കുന്നതിനായി കാത്തിരിക്കുന്നു എന്ന തരത്തിലും കമന്റുകളുണ്ട്. കഴിഞ്ഞ മാസം ആരംഭിച്ച ബിഗ് ബോസ് 19 ലെ വീക്കെൻഡ് കാ വാർ എപ്പിസോഡുകളുടെ അവതാരകനാണ് സൽമാൻ ഖാൻ ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.