ബി.ആർ. ചോപ്രയുടെ ഇതിഹാസ ടി.വി പരമ്പരയായ മഹാഭാരതത്തിലെ ഇന്ദ്ര ദേവനെ അവതരിപ്പിച്ചതിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ മനസിൽ സ്ഥാനം പിടിച്ച സതീഷ് കൗൾ ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന മുഖങ്ങളിൽ ഒരാളായിരുന്നു. നാല് പതിറ്റാണ്ടുകളായി 300ലധികം സിനിമകളിൽ അഭിനയിച്ച കൗളിനെ 'പഞ്ചാബി സിനിമയുടെ അമിതാഭ് ബച്ചൻ' എന്ന് പോലും വിളിച്ചിരുന്നു. എന്നാൽ അംഗീകാരങ്ങളും അപാരമായ ജനപ്രീതിയും ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം സാമ്പത്തിക പ്രശ്‌നങ്ങളും ഏകാന്തതയും കൊണ്ട് മൂടപ്പെട്ടു.
1970കളിലാണ് സതീഷ് കൗൾ പഞ്ചാബി സിനിമകളിൽ തന്റെ യാത്ര ആരംഭിച്ചത്. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം ആ മേഖലയിലെ ഒരു സൂപ്പർസ്റ്റാറായി മാറി. സാസി പുന്നു, ഇഷ്ക് നിമാന, സുഹാഗ് ചൂഡ, പടോള, ആസാദി, ഷേരാ ദേ പുട്ട് ഷേർ, മൗല ജാട്ട്, പിംഗ പ്യാർ ദിയാൻ തുടങ്ങിയ സിനിമകൾ പഞ്ചാബി സിനിമയിലെ അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉറപ്പിച്ചു. അദ്ദേഹത്തിന്റെ ജനപ്രീതി വളരെ വലുതായിരുന്നു. ആരാധകർ അദ്ദേഹത്തെ അമിതാഭ് ബച്ചനുമായി താരതമ്യപ്പെടുത്തി. അക്കാലത്ത് ഒരു പ്രാദേശിക താരത്തിനും ലഭിക്കാത്ത അപൂർവ നേട്ടമായിരുന്നു അത്.
ഹിന്ദി സിനിമകളിലും അദ്ദേഹം ഭാഗ്യം പരീക്ഷിച്ചു. വാറന്റ് (1975), കർമ്മ (1986), ആഗ് ഹീ ആഗ് (1987), കമാൻഡോ (1988), രാം ലഖൻ (1989), പ്യാർ തോ ഹോണ ഹീ താ (1998) തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. വിക്രം ഔർ ബേതാൽ, സർക്കസ് എന്നിവയിൽ അദ്ദേഹം അവിസ്മരണീയമായ വേഷങ്ങൾ ചെയ്തു. രണ്ടാമത്തേതിൽ ഷാരൂഖ് ഖാൻ ഒരു യുവതാരമായി അഭിനയിച്ചിരുന്നു. താൻ ആദ്യമായി കണ്ട സിനിമ ഷൂട്ട് സതീഷ് കൗളിന്റേതായിരുന്നു എന്ന് ഷാരൂഖ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. 2011ൽ പി.ടി.സി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചപ്പോൾ പഞ്ചാബി സിനിമക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ഔദ്യോഗികമായും അംഗീകരിക്കപ്പെട്ടു.
സ്‌ക്രീനിൽ വിജയം ഉണ്ടായിരുന്നിട്ടും, സതീഷ് കൗളിന്റെ വ്യക്തിജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ വിവാഹം വിവാഹമോചനത്തിൽ കലാശിച്ചു. ഭാര്യ മകനോടൊപ്പം വിദേശത്തേക്ക് പോയി. 2011ൽ, അദ്ദേഹം മുംബൈയിൽ നിന്ന് ലുധിയാനയിലേക്ക് താമസം മാറി ഒരു അഭിനയ സ്കൂൾ ആരംഭിച്ചു. പക്ഷേ അത് കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 2015ൽ ഒരു വീഴ്ചയെ തുടർന്ന് അദ്ദേഹത്തിന്റെ ഇടുപ്പ് ഒടിഞ്ഞു. ആ പരിക്ക് അദ്ദേഹത്തെ രണ്ടര വർഷത്തോളം കിടപ്പിലാക്കി. ഇത് അദ്ദേഹത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാക്കി.
ഒരു പഞ്ചാബി ടി.വി അഭിമുഖത്തിൽ തന്റെ കഷ്ടപ്പാടുകളെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. 'ഞാൻ കുളിമുറിയിൽ വീണു, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. എന്റെ സ്കൂൾ പരാജയപ്പെട്ടതിനാൽ എന്റെ വീട് വിറ്റു. വർഷങ്ങൾക്ക് മുമ്പ് എന്റെ ഭാര്യയും മകനും പോയതിനുശേഷം എന്നെ പരിപാലിക്കാൻ ആരുമില്ല. ആളുകൾ സഹായം വാഗ്ദാനം ചെയ്യുന്നു, പക്ഷേ ആരും തിരിച്ചുവരുന്നില്ല'-അദ്ദേഹം പറഞ്ഞു. 2021 ഏപ്രിൽ 10നാണ് കോവിഡ് ബാധിച്ച് സതീഷ് കൗൾ അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.