താരനിബിഢമായ ബോളിവുഡിന്റെ വെള്ളിത്തിരയിൽ തൊണ്ണൂറുകളിൽ ഉദിച്ചുയർന്ന നക്ഷത്രമായിരുന്നു ദിവ്യ ഭാരതി. പതിനാറാം വയസില്‍ സിനിമയിൽ അരങ്ങേറിയശേഷം നാളെയുടെ സൂപ്പർനായികയെന്ന് ഒരേസ്വരത്തിൽ എല്ലാവരും വിലയിരുത്തിയ താരം. അരങ്ങേറി മൂന്നുവർഷത്തിനുള്ളിൽ 21 സിനിമകളിൽ അഭിനയിച്ച കൗമാരക്കാരി സൂപ്പർ താരങ്ങളുടെ നായികപട്ടത്തിലെത്തിയത് വളരെപ്പെട്ടെന്നായിരുന്നു. റൊമാന്റിക് ഡ്രാമകളും ആക്ഷൻ പാക്ക്ഡ് സിനിമകളുമടക്കം ചുരുങ്ങിയ കാലംകൊണ്ടുതന്നെ വ്യത്യസ്ത വേഷങ്ങളിൽ ദിവ്യ നിറഞ്ഞാടി.
ചുരുങ്ങിയ കാലംകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെക്കൂടി നേടിയെടുത്ത നടി പക്ഷേ, 19-ാം വയസ്സിൽ ജീവിതത്തിന്റെ തിരശ്ശീലയിൽനിന്ന് പൊടുന്നനെ അകന്നു. 1993 ഏപ്രില്‍ അഞ്ചിന്, മുംബൈ വെര്‍സോവയിലെ ഫ്ലാറ്റിന്റെ അഞ്ചാംനിലയിൽനിന്ന് ദിവ്യ ഭാരതി മരണത്തിലേക്ക് തെന്നിവീണത് രാജ്യത്തെയാകെ ഞെട്ടിച്ചു.
ബോളിവുഡിന്റെ മനസ്സിലിന്നും ദിവ്യ ഭാരതിയുടെ നിറമുള്ള ഓർമകളുണ്ട്. അവരുടെ കൂടെ അഭിനയിച്ചവരും പുതുതലമുറയുമൊക്കെ ദിവ്യയെ ഇന്നും ആരാധനയോടെ നോക്കിക്കാണുന്നു. തെലുങ്ക് ചിത്രം ബോബിലി രാജ ആയിരുന്നു ദിവ്യയുടെ അരങ്ങേറ്റ സിനിമ. വെങ്കിടേഷ് ആയിരുന്നു നായകന്‍. ചിത്രം വൻ വിജയമായതോടെ ദിവ്യയെന്ന താരോദയത്തിന് തുടക്കമായി.
1992ല്‍ വിശ്വത്മാ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം. പിന്നാലെ ഷോല ഔര്‍ ശബ്‌നം, ദില്‍ കാ ക്യാ കസൂര്‍, ജാന്‍ സേ പ്യാര, ഗീത് തുടങ്ങിയ സിനിമകളില്‍ ആ വര്‍ഷം ദിവ്യ അഭിനയിച്ചു. 92ൽ ഷാരൂഖ് ഖാന്റെ അരങ്ങേറ്റ ചിത്രമായ ‘ദീവാനാ’യിലെ നായികയായി എത്തിയതോടെ ദിവ്യ ബോളിവുഡും കീഴടക്കിത്തുടങ്ങുകയായിരുന്നു. ഋഷി കപൂറായിരുന്നു ചിത്രത്തിലെ നായകന്‍. ദീവാനയിലെ അഭിനയത്തിന് ദിവ്യക്ക് ആ വർഷത്തെ മികച്ച പുതുമുഖ നായികക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
സണ്ണി ഡിയോൾ, ഋഷി കപൂർ, ഗോവിന്ദ, സഞ്ജയ് ദത്ത്, ഷാരൂഖ് ഖാൻ എന്നിവർ ഉൾപ്പെടെ ബോളിവുഡിലെ പല പ്രമുഖ നടന്മാരുടെയും കൂടെ ദിവ്യ അഭിനയിച്ചിട്ടുണ്ട്. സിനിമാ നിർമാതാവായ സാജിദ് നദിയാദ്‌വാലയെ ദിവ്യ വിവാഹം കഴിക്കുന്നതും 92ലായിരുന്നു. ഏറെ ചര്‍ച്ചയായി മാറിയ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. സന്തുഷ്ടകരമായി ദാമ്പത്യം മുന്നോട്ടുപോകുന്നതിനിടയിലായിരുന്നു ദിവ്യയുടെ ജീവനെടുത്ത അപകടം.
സുഹൃത്ത് കൂടിയായ കോസ്റ്റ്യൂം ഡിസൈനര്‍ നീത ലല്ലയ്‌ക്കൊപ്പം അടുത്തായി അഭിനയിക്കാനിരുന്ന സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു സാജിദും ദിവ്യയും. സംസാരിക്കുന്നതിനിടെ എന്തിനോ വേണ്ടി ദിവ്യ തന്റെ ബാല്‍ക്കണിയിലേക്ക് പോയി. പണി പൂര്‍ത്തിയായിവരുന്ന ബാൽക്കണിയിൽ ഗ്രിൽ പിടിപ്പിച്ചിരുന്നില്ല. പൊടുന്നനെ ബാലന്‍സ് നഷ്ടമായ ദിവ്യ അഞ്ചാം നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദിവ്യയുടെ മരണത്തിനു പിന്നാലെ വലിയ വിവാദങ്ങളും ഊഹാപോഹങ്ങളുമൊക്കെ പരന്നു. ആത്മഹത്യയെന്നും അപകടമെന്നും കൊലപാതകമെന്നുമൊക്കെ പലരും പലതും പറഞ്ഞു. ചിലതില്‍ ഭർത്താവ് സാജിദ് ആയിരുന്നു വില്ലൻ. എന്നാൽ, 1998ല്‍ ദിവ്യയുടെ മരണം അപകട മരണമെന്ന കണ്ടെത്തലിലേക്കാണ് അന്വേഷണ സംഘം ഒടുവിൽ എത്തിയത്.
ഇതേ അഭിപ്രായമാണ് ദിവ്യയുടെ പഴയ നായകൻ കമൽ സദാനയും പങ്കുവെക്കുന്നത്. രംഗ് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ‘ദിവ്യയുടെ മരണം കനത്ത ഷോക്കായിരുന്നു. ഏറെ സങ്കടത്തിലാഴ്ത്തുന്ന ഒന്ന്. വളരെ പ്രതിഭാധനയായ നടിമാരിൽ ഒരാളായിരുന്നു അവർ. ദിവ്യക്കൊപ്പം ജോലി ചെയ്യുന്നത് ഏറെ രസകരമായിരുന്നു.
ദിവ്യ ജീവനൊടുക്കിയതാണെന്നുള്ള പറച്ചിലുകൾ ഞാനും കേട്ടിരുന്നു. എന്നാൽ, അത് തീർത്തും തെറ്റാണ്. അവർക്ക് സംഭവിച്ചത് ഏറെ ദുഃഖകരമായ ഒരു അപകടമാണ്. കെട്ടിടത്തിന്റെ മുകളിൽനിന്ന് കാൽവഴുതി അവർ താഴെ വീഴുകയായിരുന്നു’ -കമൽ സദാന പറഞ്ഞു.
ഉത്തർപ്രദേശിലെ സഹാറൻപൂരിൽ 1974 ഫെബ്രുവരി 25 നായിരുന്നു ദിവ്യ ഭാരതിയുടെ ജനനം. അച്ഛന്‍ ഓം പ്രകാശ് ഭാരതി ഇന്‍ഷുറന്‍സ് ഓഫീസറായിരുന്നു. മീട്ട ഭാരതിയാണ് അമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.