മസ്കത്ത്: ഉപഭോക്തൃ നിയമം ലംഘിച്ചതിന് നിർമാണ സ്ഥാപനത്തിന് 1,000 റിയാൽ പിഴയും സ്ഥാപന ഉടമക്കും ബിസിനസ് പങ്കാളിക്കും ഒരു മാസം തടവും. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് നിർമാണ രംഗത്തെ വാണിജ്യ സ്ഥാപനത്തിന് ബർകയിലെ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രിമിനൽ കേസ് ചെലവുകൾ അവർ വഹിക്കണമെന്നും ഉത്തരവിട്ടു.
തന്റെ വസതിയിൽ ബാൽക്കണി രൂപകൽപന ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും സ്ഥാപനവുമായി കരാർ ഒപ്പിട്ടെന്നും എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ സ്ഥാപനം പരാജയപ്പെട്ടുവെന്നും കാണിച്ച് ഉപഭോക്താവ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ (സി.പി.എ) സമർപ്പിച്ച പരാതിയെ തുടർന്നാണ് വിധി. 190 റിയാലിനായിരുന്നു കരാറെന്നും അതിൽ 150 റിയാൽ മുൻകൂർ നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. തുടർനടപടികൾ സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ, സ്ഥാപനം അടച്ചുപൂട്ടിയതായി ഉപഭോക്താവ് കണ്ടെത്തി. ഇതോടെ സി.പി.യെ സമീപിക്കുകയായിരുന്നു.
തുടർന്ന് അതോറിറ്റി തെളിവ് ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും പരാതി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. അവർ അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസ് ഫയൽ കോടതിയിലേക്ക് റഫർ ചെയ്തു. ഇതോടെ സേവനം ശരിയായി നൽകാത്തതിനും അറബിയിൽ എഴുതിയ ഇൻവോയ്സ് നൽകാത്തതിനും സ്ഥാപനത്തിനും പ്രതിനിധിക്കും തടവും പിഴയും ശിക്ഷ വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.