വൃത്തിയുള്ള നഗരം; മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കണം - മസ്‌കത്ത് മുനിസിപ്പാലിറ്റി


മസ്കത്ത്: നഗരം വൃത്തിയുള്ളതാകാൻ മാലിന്യ സംസ്‌കരണം ശരിയായ രീതിയിൽ നടപ്പിലാക്കണമെന്ന് മസ്‌കത്ത് മുനിസിപ്പാലി പൊതുജനങ്ങളോടാവശ്യപ്പെട്ടു. മാലിന്യ സംസ്കരണ ഉത്തരവാദിത്തം വീട്ടിൽ നിന്നാണ് ആരംഭിക്കേണ്ടതാണ്. കുടുംബങ്ങൾ അവരുടെ മാലിന്യങ്ങൾ സുരക്ഷിതമായി അടച്ചുവെക്കാനും, സുരക്ഷിതമായി കൊണ്ടുപോകാനും, നിയുക്ത മാലിന്യ ശേഖരണ സ്ഥലങ്ങളിൽ മാത്രം സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ശരിയായ രീതിയിൽ പരിശീലിച്ചുകൊണ്ട് നഗരത്തിലെ ശുചിത്വവും പൊതുജനാരോഗ്യവും നിലനിർത്തുന്നതിൽ സജീവ പങ്കു വഹിക്കാൻ എല്ലാവരും തയ്യാറാകനമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

അതേസമയം, നഗരങ്ങളിലും മറ്റും മാലിന്യ പെട്ടികൾക്ക് പുറത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്ന പ്രവണതയും വർധിക്കുന്നുണ്ട്. റൂവിയിലെ സി.ബി.ഡി, എം.ബി.ഡി അടക്കമുള്ള മേഖലകളിൽ ഭൂഗർഭ മാലിന്യ പെട്ടികളാണുള്ളത്. മാലിന്യത്തിന്റെ ദുർഗന്ധവും മറ്റും പൊതുജനങ്ങൾക്ക് അനുഭവപ്പെടാത്ത രീതിയിലുള്ള സംവിധാനമാണിത്. നഗര ശുചിത്വം കാത്ത് സൂക്ഷിക്കുന്നതിൽ സുപ്രധാന പങ്കായിരുന്നു ഭുഗർഭ മാലിന്യ പെട്ടികൾക്കുള്ളത്. എന്നാൽ അടുത്ത കാലത്തായി മാലിന്യങ്ങൾ പെട്ടിക്ക് പുറത്ത് നിക്ഷേപിക്കുന്ന പ്രവണത വർധിച്ചിട്ടുണ്ട്. താമസക്കാരും മറ്റും പെട്ടിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് പകരം മാലിന്യങ്ങൾ പെട്ടിക്ക് പുറത്ത് നിക്ഷേപിക്കുന്നത് ഗുരുതരമായ ശുചിത്വ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മാലിന്യ പെട്ടികൾക്ക് ചുറ്റുമുള്ള തുറന്ന ഇടങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പൂച്ചകൾക്കും പട്ടികൾക്കും മാലിന്യ സഞ്ചികൾ കീറുന്നതിനും മറ്റും അവസരവും നൽകുന്നുണ്ട്. ഇത് മാലിന്യം കൈകാര്യം ചെയ്യുന്ന മുനിസിപ്പാലിറ്റി ജീവനക്കാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നിയമ ലംഘനം വർധിക്കുന്ന സാഹചര്യത്തിൽ അധികൃതർ ഇതിനെതിരെയും നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട്.

Tags:    
News Summary - Clean city; waste must be disposed of properly - Muscat Municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.