മസ്കത്ത്: ഖരീഫ് സീസണിൽ ദോഫാറിൽ മെച്ചപ്പെട്ട ടെലികമ്യൂണിക്കേഷൻ സേവനുമായി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ). സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ദോഫാർ ഗവർണറേറ്റിൽ നെറ്റ്വർക്ക് തയാറെടുപ്പ് പൂർത്തിയാക്കിയിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
ദോഫാറിൽ എത്തുന്ന ആയിരക്കണക്കിന് സന്ദർശകർക്ക് സേവന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും തടസ്സമില്ലാത്ത ആശയവിനിമയ അനുഭവം നൽകുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടി.
ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണക്കുന്നതിനും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും മൊത്തത്തിലുള്ള ടെലികോം അനുഭവം ഉയർത്തുന്നതിനുമുള്ള ദേശീയ ലക്ഷ്യങ്ങളുമായി മെച്ചപ്പെടുത്തലുകൾ യോജിക്കുന്നുവെന്ന് ട്രാ സ്ഥിരീകരിച്ചു.
ഗവർണറേറ്റിലുടനീളം കവറേജ് വിപുലീകരിക്കുന്നതിനായി സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിലെ ഏഴ് സ്റ്റേഷനുകൾ ഉൾപ്പെടെ 33 പുതിയ സ്റ്റേഷനുകൾ സ്ഥാപിച്ചു. കൂടാതെ, ബാൻഡ്വിഡ്ത്ത് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ശേഷി വർധിപ്പിക്കുന്നതിനുമായി നിലവിലുള്ള 432 ടെലികമ്യൂണിക്കേഷൻ സ്റ്റേഷനുകൾ നൂതന നെറ്റ്വർക്കുകളിലേക്ക് അപ്ഗ്രേഡ് ചെയ്തു. 189 സ്റ്റേഷൻ കണക്ഷനുകൾ നവീകരിച്ചു. താൽക്കാലികമായി സേവനം നൽകുന്നതിനായി 31 മൊബൈൽ സ്റ്റേഷനുകൾ വിന്യസിച്ചു.
108 സ്റ്റേഷനുകളിൽ 5ജി സാങ്കേതികവിദ്യ ഇപ്പോൾ സജീവമാക്കിയിട്ടുണ്ട്. ഇത് വേഗതയും നെറ്റ്വർക്ക് പ്രതികരണശേഷിയും ഉയർത്തി.
സീസണിൽ എന്തെങ്കിലും അടിയന്തര തടസ്സങ്ങൾ ഉണ്ടായാൽ ദ്രുത പ്രതികരണശേഷി നൽകുന്നതിന് ദോഫാറിലുടനീളം സാങ്കേതിക, ഫീൽഡ് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഖരീഫ് സമയത്ത് വിനോദസഞ്ചാരികളുടെ എണ്ണത്തിലെ വർധന കണക്കിലെടുക്കുമ്പോൾ, മികച്ച ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ അത്യന്താപേക്ഷിതമാണ്.
ഒപ്റ്റിമൽ സേവന നിലവാരം ഉറപ്പാക്കുന്നതിന് നെറ്റ്വർക്ക് ഗുണനിലവാരവും പ്രകടനവും തത്സമയം നിരീക്ഷിക്കുന്നത് തുടരുമെന്ന് ട്രാ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.