സലാലയിലെ റൈസൂത്ത് ബീച്ചിനോട് ചേർന്ന് നടക്കുന്ന പരിപാടികളിൽനിന്ന്
സലാല: സലാലയിലെ റൈസൂത്ത്ബീച്ചിനോട് ചേർന്ന് നടക്കുന്ന ‘ഒസാറ’ ടൂറിസം, വിനോദ പരിപാടികൾ ഖരീഫ് ആസ്വദിക്കാന്‍ സലാലയില്‍ എത്തുന്നവർക്ക് പുത്തൻകാഴ്ചകൾ സമ്മാനിക്കുന്നു. കുടിലുകളുടെ മാതൃകയില്‍ ബീച്ചിനോട് ചേര്‍ന്നൊരുക്കിയ പവിലിയനുകളാണ് ശ്രദ്ധേയമാകുന്നത്.
ഒസാറ എന്റര്‍ടൈന്‍മെന്റ് വില്ലേജ് എന്ന പേരില്‍ ഒരുക്കിയ സംരംഭത്തിന് പിന്നില്‍ ഒരു കൂട്ടം സ്വദേശി യുവാക്കളാണ്. 2022ല്‍ ആരംഭിച്ച ഒസാറ കടല്‍ത്തീര ഗ്രാമത്തില്‍ ഓരോ വര്‍ഷവും കൂടുതല്‍ സംരംഭങ്ങളെത്തുന്നു. ഇതോടെ ഇവിടെ സന്ദര്‍ശകരും വര്‍ഷം തോറും വര്‍ധിച്ച് വരികയാണ്. പൈതൃക, ഗ്രാമീണ മാതൃകയില്‍ ഒരുക്കിയ ഒസാറ വില്ലേജില്‍ എത്തുന്നവരെ കാത്തിരിക്കുന്നത് വൈവിധ്യങ്ങളാണ്.
ഈ വർഷം, ‘ഒസാറ’ അതിന്റെ സൗകര്യങ്ങളിലുടനീളം നിരവധി നവീകരണങ്ങൾ വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് സമുദ്രക്കാഴ്ചകൾ ആസ്വദിക്കുന്നതിനായി പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു. വിപുലീകരിച്ച തുറന്ന ഇരിപ്പിടങ്ങൾ, പുതിയ ബീച്ച്ഫ്രണ്ട് റസ്റ്ററന്റുകളും കഫേകളും, കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും അനുയോജ്യമായ മെച്ചപ്പെട്ട വിനോദ മേഖലകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസം ആരംഭിച്ച ഒസാറ വില്ലേജില്‍ നൂറ് കണക്കിന് പേരാണ് ദിനംപ്രതി സന്ദര്‍ശിക്കുന്നത്. വൈകുന്നേരങ്ങളില്‍ നടക്കുന്ന വിനോദ, ആസ്വാദന പരിപാടികളില്‍ ഓരോ ദിവസവും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി ഒസാറ സ്ഥാപകര്‍ പറഞ്ഞു. ജനങ്ങളില്‍നിന്ന് ലഭിക്കുന്ന പ്രതികരണം വരും കാലങ്ങളില്‍ സലാലയിലെ വ്യത്യസ്ത ഭാഗങ്ങളില്‍ ഇത്തരം വേറിട്ട മേളകളും പ്രദര്‍ശനങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നതിന് പ്രചോദനം നല്കന്നതാണെന്നും ഇവര്‍ പറഞ്ഞു.
സലാലയിലെ റൈസൂത്ത് ബീച്ചിനോട് ചേർന്ന് നടക്കുന്ന പരിപാടികളിൽനിന്ന്
കുട്ടികൾക്കും കുടുംബങ്ങൾക്കും സുരക്ഷിതവും രസകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി ഇലക്ട്രിക് ഗെയിംസ് സോൺ ഈ വർഷത്തെ പുതിയ കൂട്ടിച്ചേർക്കലാണ്. പ്രാദേശിക കരകൗശല വിദഗ്ധരെയും ഉൽപ്പാദനക്ഷമതയുള്ള കുടുംബങ്ങളെയും പിന്തുണക്കുന്ന ഒമാനി കരകൗശല വസ്തുക്കളും ദോഫാരി പൈതൃക ഉൽപന്നങ്ങളും പ്രദർശിപ്പിക്കുന്ന ഒരു പരമ്പരാഗത വിപണിയും ഇവിടെയുണ്ട്. റീട്ടെയിൽ ഇടങ്ങൾക്ക് പുറമേ, എല്ലാ പ്രായക്കാർക്കും സാംസ്കാരികവും വിനോദപരവുമായ പ്രകടനങ്ങൾ നടത്തുന്ന ഓപ്പൺ എയർ തിയേറ്ററും സജീകരിച്ചിട്ടുണ്ട്.
വിശ്രമവും പ്രകൃതി സൗന്ദര്യവും സംയോജിപ്പിക്കുന്ന ശാന്തമായ ബീച്ച് ഇരിപ്പിടങ്ങളും ഇവിടത്തെ പ്രത്യേകതായാണെന്ന് അധികൃതർ പറഞ്ഞു.
‘ഒസാറ’യുടെ ഒരു പ്രധാന ആകർഷണം അതിന്റെ പരിസ്ഥിതി സൗഹൃദ രൂപകൽപ്പനയാണ്. പുനരുപയോഗിച്ച മരം ഉപയോഗിച്ച് നിർമിച്ച ഈ പദ്ധതി ഒമാനിലെ സുസ്ഥിര വിനോദസഞ്ചാരത്തിന് ഒരു മാതൃകയായി വർത്തിക്കുന്നു.
ദോഫാർ മുനിസിപ്പാലിറ്റി, ചെറുകിട, ഇടത്തരം സംരംഭ വികസനത്തിനായുള്ള പൊതു അതോറിറ്റി, സലാല തുറമുഖം എന്നിവയുടെ പിന്തുണയോടെയാണ് ‘ഒസാറ’ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.