സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ വിയന്നയിലെ ഒപെക് അന്താരാഷ്ട്ര സിമ്പോസിയത്തിൽ
സംസാരിക്കുന്നു
റിയാദ്: ഊർജ ദാരിദ്ര്യം പരിഹരിക്കുന്നതിനായി സമർപ്പിതമായി പ്രവർത്തിക്കുന്ന ഒരു പ്രത്യേക സംഘം ഞങ്ങൾക്കുണ്ടെന്ന് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പ്രസ്താവിച്ചു. തിങ്കളാഴ്ച വിയന്നയിൽ നടന്ന ഒപെക് അന്താരാഷ്ട്ര സിമ്പോസിയത്തിൽ സംസാരിക്കവേയാണ് ഈ രംഗത്ത് സൗദി വഹിക്കുന്ന സുപ്രധാന റോളിനെ കുറിച്ച് വെളിപ്പെടുത്തിയത്. ലോകത്തെ ഊർജ മേഖല നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളെ നേരിടാൻ സൗദി അറേബ്യക്ക് കൃത്യമായ പദ്ധതികളുണ്ടെന്ന് മന്ത്രി പറഞ്ഞു.
ലോകമെമ്പാടുമുള്ള 120 കോടി ആളുകൾ ഊർജ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. യഥാർഥ കണക്ക് ഏകദേശം മൂന്നിരട്ടിയാണ്. 200 കോടി ആളുകൾ പരമ്പരാഗത ഇന്ധനം ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്. എന്നാൽ ഇത് സുരക്ഷിതമല്ല. മലിനീകരണത്തിന് കാരണമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഊർജ ദാരിദ്ര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആഫ്രിക്കയുടെയും തെക്കുകിഴക്കൻ ഏഷ്യയുടെയും എല്ലാ കോണുകളിലും സൗദി സംഘം ഉത്സാഹത്തോടെ പ്രവർത്തിക്കുന്നുണ്ട്. ഈ കാര്യത്തിൽ അതതിടങ്ങളിലെ സർക്കാരുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുമുണ്ട് -മന്ത്രി വിശദീകരിച്ചു.
വിപണികളോടുള്ള സൗദി നയങ്ങളുടെയും സന്ദേശങ്ങളുടെയും സ്ഥിരതയും അവ അടിസ്ഥാനപരമായി നടപ്പാക്കാനുള്ള ശ്രമങ്ങളും മന്ത്രി ഊന്നിപ്പറഞ്ഞു. ഊർജ പരിവർത്തന പ്രശ്നം സാമ്പത്തിക വളർച്ചയെ അപകടത്തിലാക്കരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ രാജ്യത്തിന്റെയും സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുക്കണം. ലോകത്തിന് വിശാലമായ ഊർജ സ്രോതസ്സുകളുടെ ആവശ്യകതയെക്കുറിച്ച് മന്ത്രി ഊന്നിപ്പറഞ്ഞു.
പുനരുപയോഗ ഊർജ ഉൽപ്പാദനത്തിന്റെ വികാസത്തോടൊപ്പം എണ്ണയും വാതകവും പ്രധാന ഘടകങ്ങളായിരിക്കും. പ്രത്യേകിച്ച് ലോക ജനസംഖ്യ ഏകദേശം 1,000 കോടി ആളുകളിൽ എത്തുമെന്നും 2050 ആകുമ്പോഴേക്കും ഊർജ ആവശ്യകത 50 ശതമാനം വർധിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ഊർജ മന്ത്രി പറഞ്ഞു.
വിപണിയുടെ ആവശ്യകതക്ക് അനുസരിച്ച് സൗദി അറേബ്യ എണ്ണ ഉൽപാദന നയത്തിൽ മാറ്റം വരുത്തിയിട്ടില്ല, പകരം ആവശ്യമെന്ന് തോന്നുമ്പോൾ അത് ക്രമീകരിക്കുകയും പ്രഖ്യാപിക്കുന്നതുപോലെ അത് നടപ്പാക്കുകയും ചെയ്യുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.