അൽ ഖോബാർ: രാജ്യത്തെ വാഹന മേഖലയിൽ ഡീലർഷിപ് രജിസ്ട്രേഷൻ നിയന്ത്രിക്കാൻ സൗദി അധികൃതർ നീക്കം തുടങ്ങി. ഇത് സംബന്ധിച്ചു ചർച്ച ചെയ്യാൻ സൗദി വാണിജ്യ മന്ത്രാലയവും പബ്ലിക് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയും അടുത്തിടെ നിരവധി യോഗങ്ങൾ നടത്തി.
ബുക്കിങ് സമയത്ത് മുഴുവൻ പണവും മുൻകൂർ അടക്കാൻ ആവശ്യപ്പെടുന്ന രീതിയിലുള്ള ഒരു കാർ ഡീലർഷിപ് കമ്പനിയുടെ നിയമവിരുദ്ധ നയം റദ്ദാക്കാൻ വാണിജ്യ മന്ത്രാലയം അടുത്തിടെ ഉത്തരവിട്ടിരുന്നു. ബുക്കിങ് സമയത്ത് ഭാഗികമായ ഡൗൺ പേമെന്റ് മാത്രമേ ഉപഭോക്താവിനോട് ആവശ്യപ്പെടാവൂ എന്ന് മന്ത്രാലയം ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ഡീലർഷിപ് കരാറുകൾ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികളിൽനിന്ന് അതോറിറ്റി അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. വിപണി മത്സരത്തിലെ നിയന്ത്രണങ്ങൾ പാലിക്കുന്നതിനും നിയമവിരുദ്ധ രീതികൾ ഒഴിവാക്കുന്നതിനും കമ്പനികളെ സഹായിക്കുന്നതിന് സമഗ്രമായ ഒരു ഗൈഡ് പുറത്തിറക്കാനും പദ്ധതിയുണ്ട്. കാർ വിൽപന, വിൽപനാനന്തര സേവനങ്ങൾ, സ്പെയർ പാർട്സ് എന്നിവയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് അതോറിറ്റി നടത്തിയ പരിശോധനയെ തുടർന്നാണ് ഈ നീക്കം.
പരിശോധനയിലെ കണ്ടെത്തലുകൾ ഉന്നത അധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ മേഖലയിലെ സാമ്പത്തിക കേന്ദ്രീകരണ സാധ്യതയുള്ള കേസുകൾ ഇപ്പോൾ പരിശോധിച്ചുവരുകയാണ്. വില നിശ്ചയിക്കൽ, ഭൂമിശാസ്ത്രപരമായ പ്രദേശങ്ങൾ അനുസരിച്ച് വിപണികളെ വിഭജിക്കൽ തുടങ്ങിയ മത്സര വിരുദ്ധ പെരുമാറ്റങ്ങളിൽ ഏർപ്പെട്ടതിന് 2023ൽ ഏജന്റുമാരും വിതരണക്കാരും ഉൾപ്പെടെ 79 കമ്പനികൾക്കെതിരെ അതോറിറ്റി കുറ്റം ചുമത്തിയിരുന്നു. 64 സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്തപ്പോൾ, 15 എണ്ണം ഒത്തുതീർപ്പ് നിർദേശങ്ങൾ സമർപ്പിച്ചു. സൗദിയിലെ കാർ വിപണിയിൽ നിയന്ത്രണ പരിശോധന വർധിച്ച സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.