നവീകരണം പൂർത്തിയായ ബസ് സ്റ്റേഷനുകളിലൊന്ന്
ദുബൈ: നഗരത്തിൽ യാത്രക്കാരുടെ പ്രധാന ആശ്രയമായ ബസ് സ്റ്റേഷനുകൾ നവീകരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 16 യാത്രാ സ്റ്റേഷനുകളും ആറ് ഡിപ്പോകളുമടക്കം 22 ബസ് സ്റ്റേഷനുകളാണ് പുതുക്കിയിട്ടുള്ളത്. യാത്രക്കാരുടെ കാത്തിരിപ്പ് സ്ഥലങ്ങൾ, നടപ്പാതകൾ, കെട്ടിടങ്ങളുടെ പുറംഭാഗങ്ങൾ എന്നിവയെല്ലാം നവീകരണ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ചില സ്ഥലങ്ങളിൽ പ്രാർഥന മുറികളും നവീകരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ദേരയിലെ ഒമ്പത് യാത്ര സ്റ്റേഷനുകളിലും ബർദുബൈയിലെ ഏഴ് സ്റ്റേഷനുകളിലുമാണ് വികസന പദ്ധതി നടപ്പിലാക്കിയത്. ഈ സ്റ്റേഷനുകളിൽനിന്ന് നഗരത്തിലെ 110 റൂട്ടുകളിലേക്ക് ബസ് സർവിസ് നടത്തിവരുന്നുണ്ട്. എല്ലായിടത്തുമായി തിരക്കേറിയ സമയങ്ങളിൽ 710 ബസുകളെ ഉൾക്കൊള്ളാൻ സാധിക്കുകയും ചെയ്യും. അൽ ഖവാനീജ്, അൽ ഖിസൈസ്, അൽ റുവൈദ, അൽ അവീർ, ജബൽ അലി, അൽ ഖൂസ് എന്നിവിടങ്ങളിലെ ഡിപ്പോകളാണ് നവീകരണത്തിൽ ഉൾപ്പെട്ടത്. വർക്ഷോപ്പുകളുടെ നവീകരണം, അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കുമായി പ്രത്യേകമായ പാതകൾ നിർമിക്കൽ, എൻജിൻ വാഷിങ് സംവിധാനങ്ങൾ സ്ഥാപിക്കൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തി. ഇതോടൊപ്പം ഡ്രൈവർമാരുടെ താമസസ്ഥലങ്ങളുടെ നവീകരണം, വിളക്കുകൾ സ്ഥാപിക്കൽ, ഒഴുക്കുചാൽ നിർമാണം, സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കൽ, ബസ് പാർക്കിങ് സ്ഥലങ്ങൾ എന്നിവയും ഉൾപ്പെടുത്തി. പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ആർ.ടി.എയുടെ പരിശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതും ദൈനംദിന യാത്രക്ക് പൊതുഗതാഗതം ഉപയോഗിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതുമാണ് നവീകരണമെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
637 പുതിയ ബസുകൾ വാങ്ങുന്നതിന് 110 കോടി ദിർഹമിന്റെ കരാറിൽ ആർ.ടി.എ കഴിഞ്ഞ മാസം ഒപ്പുവെച്ചിരുന്നു. നഗരത്തിലെ പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിനും വിപുലീകരിക്കുന്നതിനും സഹായിക്കുന്നതാണ് പദ്ധതി. ബസുകൾ ‘യൂറോ 6’ മാനദണ്ഡം പാലിക്കുന്നതാണ്. കാർബൺ പുറന്തള്ളലുമായി ബന്ധപ്പെട്ട യൂറോപ്യൻ മാനദണ്ഡമാണിത്. കരാറിൽ 40 ഇലക്ട്രിക് ബസുകളും ഉൾപ്പെടും. ഈ വർഷവും അടുത്ത വർഷവുമാണ് ബസുകൾ ആർ.ടി.എക്ക് ലഭിക്കുക. ദുബൈയിലെ പൊതുഗതാഗത യാത്രകൾ 2006ൽ വെറും 6 ശതമാനമായിരുന്നത് 2024ൽ 21.6 ശതമാനമായി വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.