ദുബൈ: കുറഞ്ഞ ചെലവിൽ വിമാനയാത്ര വാഗ്ദാനം ചെയ്തിരുന്ന പ്രമുഖ യൂറോപ്യൻ എയർലൈനായ വിസ് എയർ അബൂദബി സർവിസ് നിർത്തുമെന്ന് പ്രഖ്യാപിച്ചതോടെ ആശങ്കയിലായ ജീവനക്കാർക്ക് ആശ്വാസവാർത്തയുമായി യു.എ.ഇയിലെ മുൻനിര വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഫ്ലൈദുബൈ, ഇത്തിഹാദ്, എയർ അറബ്യേ തുടങ്ങിയ എയർലൈനുകൾ വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരായവർക്കൊപ്പം പുതുതായി ഈ മേഖലയിലേക്ക് വരുന്നവർക്കും അപേക്ഷ സമർപ്പിക്കാം. കാബിൻ ക്രൂമുതൽ പൈലറ്റ്, എൻജീനിയർമാർ, സപോർട്ടിങ് സ്റ്റാഫ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ. ദുബൈയിലെ മുൻനിര എയർലൈനായ എമിറേറ്റ്സ് ഓരോ ആഴ്ചയിലും റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചുവരുന്നുണ്ട്. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒഴിവുകളുടെ വിവരങ്ങളും അപേക്ഷ സമർപ്പിക്കാനുള്ള നിർദേശങ്ങളും ഇതുവഴി അറിയാനാവും.
ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നവരിൽനിന്നാണ് റിക്രൂട്ട്മെന്റ് നടപടികൾക്ക് ക്ഷണിക്കുക. മെയിന്റനൻസ് ടെക്നീഷ്യൻസ്, കാബിൻ ക്രൂ, എയർപോർട്ട് സർവിസ് ഏജന്റുകൾ, ബിസിനസ് സപോർട്ട് ഓഫിസർമാർ, പോർട്ടർമാർ, സെയിൽസ് സപോർട്ട് ഏജന്റുമാർ തുടങ്ങിയ മേഖലകളിലാണ് എമിറേറ്റ്സ് റിക്രൂട്ട്മെന്റ് നടത്തുന്നത്. പൈലറ്റുമാരുടെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 4,430 ദിർഹമാണ് കാബിൻ ക്രൂവിന്റെ അടിസ്ഥാന ശമ്പളം. കൂടാതെ മണിക്കൂറിന് 673.75 ദിർഹം ലഭിക്കുകയും ചെയ്യും. പ്രതിമാസം ശരാശരി 100 മണിക്കൂറാണ് ജോലി സമയം. ഇതു ൃപ്രകാരം 10,000 മുതൽ 12,000 ദിർഹം വരെ നികുതി രഹിതമായ ശമ്പളമാണ് എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം ഇവർക്ക് സൗജന്യമായി പൂർണമായും ഫർണിഷ് ചെയ്ത താമസ സൗകര്യവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും.
അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർലൈനിൽ കാബിൻ ക്രൂ, പൈലറ്റ്, ക്യാപ്റ്റൻ, സെയിൽസ് ഓഫിസർ എന്നിവ ഉൾപ്പെടെ 70 വ്യത്യസ്ത തസ്തികകളിലാണ് അവസരം. ശമ്പളം സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കാബിൻ ക്രൂ, പൈലറ്റ്, ഗ്രൗണ്ട് ഓപറേഷൻസ്, എൻജിനീയറിങ് തുടങ്ങിയ തസ്തികകളിലേക്കാണ് ഷാർജ ആസ്ഥാനമായുള്ള എയർ അറേബ്യ ഉദ്യോഗാർഥികളെ ക്ഷണിച്ചിരിക്കുന്നത്. ഫ്ലൈദുബൈയിയും വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.