പ്രതീകാത്മക ചിത്രം
ഷാർജ: റോഡിലുണ്ടായ ദുരനുഭവത്തെ തുടർന്ന് മാനസികാഘാതത്തിലായ കുട്ടിക്ക് കരുതലായി ഷാർജ പൊലീസ്. ഖോർഫക്കാനിൽ താമസിക്കുന്ന ഏഴ് വയസ്സുകാരനാണ് അധികൃതർ ആത്മവിശ്വാസം പകർന്ന് ഭയത്തിൽനിന്ന് മോചിപ്പിച്ചത്. കുട്ടി കാൽനടക്കാർക്കുള്ള ഭാഗത്തുകൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ അതിവേഗത്തിൽ വന്ന വാഹനം ഇടിക്കാൻ നോക്കുകയായിരുന്നു. തലനാരിഴക്ക് കുട്ടി അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. വാഹനം റെഡ് ലൈറ്റ് മറികടന്ന് നിയമവിരുദ്ധമായാണ് വന്നിരുന്നത്. അപകടത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും കുട്ടിക്ക് ഇത് വലിയ മാനസികാഘാതമായി. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പിന്നീട് കുട്ടി വിസമ്മതിച്ചു. ഇക്കാര്യം കുട്ടിയുടെ മാതാവ് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ അധികൃതർ പ്രത്യേക ടീമംഗങ്ങളെ വിഷയത്തിൽ ഇടപെടാൻ നിശ്ചയിക്കുകയും കുട്ടിയുടെ വീട്ടിലെത്തിയ അധികൃതർ മാനസികമായ പിന്തുണ നൽകുന്ന രീതിയിൽ ഇടപെടുകയുമായിരുന്നു. കുട്ടിയുമായി സംസാരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം പൊലീസ് സഹായത്തിൽ യാത്ര ചെയ്യാനും അവസരമൊരുക്കി. ഇതോടെ ചുറ്റുപാടുകളിൽ ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവും വർധിക്കുകയും മാനസിക സ്ഥിരത കൈവരുകയും ചെയ്തു.
അതേസമയം, കുട്ടിക്ക് ആഘാതമായ സംഭവത്തിന് കാരണമായ ഡ്രൈവർക്കെതിരെ നിയമപരമായ നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്തു. റെഡ് ലൈറ്റ് കടന്നുപോകുന്നത് അടക്കമുള്ള നിയമലംഘനങ്ങൾ അപകടങ്ങൾക്ക് മാത്രമല്ല, കുട്ടികൾ അടക്കമുള്ളവരിൽ മാനസികാഘാതവും സൃഷ്ടിക്കുമെന്ന് പൊലീസ് മുന്നറിയിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.