ദുബൈ പൊലീസ് പിടികൂടിയ പ്രതികൾ
ദുബൈ: നിക്ഷേപ പ്ലാറ്റ്ഫോമുകളുടെ ബ്രോക്കർമാരായി ചമഞ്ഞ് സമൂഹമാധ്യമങ്ങൾ വഴി തട്ടിപ്പ് നടത്തുന്ന സംഘത്തെ ദുബൈ പൊലീസ് പിടികൂടി. വ്യാജ ട്രേഡിങ്, നിക്ഷേപ പദ്ധതികൾ വഴി ഇരകളെ വലയിലാക്കിയാണ് ഓൺലൈൻ തട്ടിപ്പ് നടത്തി വന്നത്. നാലുപേരാണ് സംഭവത്തിൽ പിടിയിലായത്. പ്രശസ്ത ട്രേഡിങ്, നിക്ഷേപ പ്ലാറ്റ്ഫോമുകളെ പ്രതിനിധീകരിക്കുന്നവരാണെന്നാണ് ഇവർ വിശ്വസിപ്പിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും ഫോൺ വിളികളിലൂടെയുമാണ് തട്ടിപ്പ് നടത്തിവന്നത്. വളരെ വേഗത്തിൽ കൂടുതൽ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞാണ് ഇവർ ആളുകളെ വലയിൽ വീഴ്ത്തിയിരുന്നത്. ഇരകൾ പണം കൈമാറിക്കഴിഞ്ഞാൽ ഇത് യു.എ.ഇക്ക് പുറത്തെ ബാങ്കുകളിലേക്ക് മാറ്റുന്നതാണ് രീതി. തട്ടിപ്പിനിരയായ നിരവധി പേരുടെ പരാതികളെതുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളുടെ വിവരങ്ങളും സ്ഥലവും തിരിച്ചറിഞ്ഞ് അതിവേഗത്തിൽ പിടികൂടുകയായിരുന്നു. നിയമ നടപടികൾക്കുവേണ്ടി പ്രതികളെ ബന്ധപ്പെട്ട വകുപ്പിലേക്ക് റഫർ ചെയ്തിരിക്കുകയാണ്.
ദുബൈ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ ആന്റി ഫ്രോഡ് സെന്ററാണ് സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയും അന്വേഷണത്തിലൂടെയും പ്രതികളെ കണ്ടെത്തിയത്. ‘തട്ടിപ്പിനെക്കുറിച്ച് ജാഗ്രത്താകുക’ എന്ന തലക്കെട്ടിൽ നടക്കുന്ന ദേശീയ കാമ്പയിനിന്റെ ഭാഗമായാണ് പ്രതികളുടെ അറസ്റ്റ് അധികൃതർ വെളിപ്പെടുത്തിയത്. ലൈസൻസില്ലാത്ത നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നവരിൽനിന്നും ബാങ്ക് അക്കൗണ്ടുകൾ തുറന്ന് പണം അയക്കാൻ ആവശ്യപ്പെടുന്നവരിൽനിന്നും അകന്നുനിൽക്കണമെന്നും വഞ്ചിക്കപ്പെടുന്നതിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. രാജ്യത്തിനകത്ത് നിക്ഷേപ സേവനങ്ങൾ നൽകാൻ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് അനുമതിയെന്നും അധികൃതർ വ്യക്തമാക്കി. സംശയാസ്പദമായ പ്രവർത്തനങ്ങൾ ഇ-ക്രൈം പ്ലാറ്റ്ഫോം, ദുബൈ പൊലീസ് ആപ്, 901 എന്ന നമ്പർ എന്നിവ വഴി റിപ്പോർട്ട് ചെയ്യാമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.