അൽഐൻ: കടുത്ത വേനൽച്ചൂടിന് ആശ്വാസമായി അൽഐനിലെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച ശക്തമായ മഴ ലഭിച്ചു. ഉമ്മു ഗഫ, സാഅ്, ഖാത്തം അൽ ഷിക്ല എന്നിവിടങ്ങളിലാണ് മഴ പെയ്തത്. അൽഐൻ, ഫുജൈറ എന്നിവ ഉൾപ്പെടെ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ മഴ മേഘങ്ങൾ രൂപവത്കൃതമാകാൻ സാധ്യതയുള്ളതിനാൽ ഈ ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ രാത്രി 7.30 വരെ മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിലുള്ള ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഞായറാഴ്ച രാവിലെ മൂടൽ മഞ്ഞ് റിപ്പോർട്ട് ചെയ്തതിനാൽ അബൂദബി പൊലീസ് മോട്ടോർ വാഹന യാത്രക്കാർക്ക് മുന്നറിയിപ്പ് നിർദേശങ്ങളും നൽകിയിരുന്നു.
വടക്ക്-കിഴക്കൻ മേഖലകളിൽ ഈർപ്പം നിറഞ്ഞ മേഘങ്ങൾ രൂപവത്കരിക്കാൻ സാധ്യതയുള്ളതിനാൽ തിങ്കളാഴ്ചയും മഴ പെയ്തേക്കും. നേരിയ തോതിൽ വീശുന്ന കാറ്റ് ശക്തിപ്രാപിച്ച് മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലെത്തും.
ഇത് പകൽ സമയങ്ങളിൽ പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥക്ക് കാരണമാകും. മഴയുടെ വിവിധ ദൃശ്യങ്ങൾ എൻ.സി.എം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.