അതുല്യയുടെ മരണം: ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു

ഷാർജ: കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യയെ ഷാർജയില്‍ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഷാർജയിലെ മലയാളി ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയിലായിരുന്നു എൻജിനീയറായി സതീഷ് ജോലി ചെയ്തിരുന്നത്. ഒരു വർഷം മുൻപാണ് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ് ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കമ്പനി നേരിട്ട് സതീഷിനെ അറിയിച്ചതായാണ് വിവരം.

അതേസമയം, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ സതീഷിനെ വിളിപ്പിച്ചിട്ടുണ്ട്. അതുല്യയുടെ വിസ സതീഷിന്റെ പേരിലായിരുന്നു. പോസ്റ്റുമോർട്ടമടക്കമുള്ള നടപടികൾക്കും മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനും കാൻസലേഷനടക്കമുള്ള വിസ നടപടികൾ പൂർത്തിയാക്കണമെങ്കിൽ സതീഷ് കോൺസുലേറ്റിൽ ഹാജരാകേണ്ടി വരും. പക്ഷെ കോൺസുലേറ്റിൽ താൻ പോകേണ്ടതില്ലെന്ന നിലപാടിലാണ് സതീഷ്.

ശനിയാഴ്ച രാവിലെ ഷാർജ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിലാണ് അതുല്യയെ​ മരിച്ചനിലയിൽ ​കണ്ടെത്തിയത്​. ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളിലെ സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ഏകമകൾ ആരാധ്യ നാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. മുൻ പ്രവാസിയും ഇപ്പോൾ നാട്ടിൽ ഓട്ടോ ഡ്രൈവറുമായ രാജശേഖരൻ പിള്ളയുടെയും തുളസീഭായിയുടെയും മകളാണ് മരണപ്പെട്ട അതുല്യ. സഹോദരി അഖില ഷാർജ റോളയിൽ തൊട്ടടുത്താണ് താമസിക്കുന്നത്.

2014 ലായിരുന്നു അതുല്യയെ ശാസ്താംകോട്ട മനക്കരയിൽ സതീഷ്​ വിവാഹം കഴിച്ചത്​. 43 പവനും ബൈക്കും സ്ത്രീധനമായി നൽകിയതായി അതുല്യയുടെ കുടുംബം പറയുന്നു​. അതുല്യയുടെ മാതാവ്​ തുളസി ഭായി നൽകിയ പരാതിയിൽ സതീഷിനെതിരെ ചവറ പൊലീസ് കൊലക്കുറ്റത്തിന്​ കേസെടുത്തിട്ടുണ്ട്. ​വിവാഹം കഴിഞ്ഞ്​ മൂന്ന്​ മാസം പിന്നിട്ടപ്പോൾ മുതൽ സതീഷ്​ അതുല്യയെ സ്ത്രീധനം കുറഞ്ഞുപോയി എന്ന കാരണത്താൽ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പൊലീസിന്‍റെ എഫ്​.ഐ.ആറിൽ പറയുന്നു. 2023 മുതൽ ഷാർജയിലെ ഫ്ലാറ്റിൽ സതീഷും അതുല്യയും താമസിച്ചുവരികയായിരുന്നെന്നും അവിടെവെച്ച്​ അതുല്യ നിരന്തര പീഡനങ്ങൾക്ക്​ ഇരയായെന്നും മാതാവ് നൽകിയ പരാതിയിലുണ്ട്. രണ്ടുദിവസം മുമ്പ്​ സതീഷ്​ അതുല്യയെ തലയിൽ പാത്രം കൊണ്ട് അടിച്ചും നാഭിക്ക് ചവിട്ടിയും കഴുത്തിന് കുത്തിപ്പിടിച്ചും ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു.

Tags:    
News Summary - athulya death: Husband Satish dismissed from job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.