'എനിക്കും വി.എസിനും അത്രയും അടുപ്പമുള്ള ചിലര്‍ക്കും മാത്രമറിയുന്ന സത്യം'; മലപ്പുറം സമ്മേളനവും വിഭാഗീയതക്കാലവും തുറന്നെഴുതി മഞ്ഞളാംകുഴി അലിയുടെ വി.എസ് അനുസ്മരണ കുറിപ്പ്

മലപ്പുറം: കരുത്തുള്ള ആ നിലപാടുകൾ പോലെ തന്നെയാണ് തന്നോടുള്ള വി.എസിന്റെ ബന്ധവും സ്നേഹവുമെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ അനുസ്മരിച്ച് മുസ്ലിം ലീഗ് നേതാവ് മഞ്ഞളാംകുഴി അലി ഫേസ്ബുക്കിൽ കുറിച്ചു.

എന്നും പാർട്ടിക്കാർക്ക് ഇടയിൽ വി.എസ് പക്ഷക്കാരനായി അറിയപ്പെട്ടിരുന്നെങ്കിലും ഞങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു രാഷ്ട്രീയ ചര്‍ച്ചക്ക് ഇടമില്ലായിരുന്നു എന്നതായിരുന്നു സത്യമെന്ന് അനുസ്മരണ കുറിപ്പിൽ അലി വ്യക്തമാക്കുന്നു.

മലപ്പുറത്ത് എവിടെ പരിപാടികള്‍ക്കുവന്നാലും വീട്ടില്‍ വരുകയും താമസിക്കുകയും ചെയ്യുമായിരുന്നു. ആ ബന്ധമാണ് മലപ്പുറം സമ്മേളനത്തിലെ വിഭാഗീയതയിലേക്ക് തന്റെ പേര് വലിച്ചിഴക്കാൻ കാരണമായത്. അന്ന് വിഎസിനെ കാണാനും ചര്‍ച്ചകള്‍ക്കുമായി വീട്ടിലെത്തിയിരുന്ന നേതാക്കള്‍ പലരും സമ്മേളനത്തില്‍ ഇല്ലാക്കഥകള്‍ മെനഞ്ഞുവെന്നത് എനിക്കും വി.എസിനും അത്രയും അടുപ്പമുള്ള ചിലര്‍ക്കും മാത്രമറിയുന്ന സത്യമാണെന്നും അലി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മഞ്ഞളാംകുഴി അലിയുടെ ഫേസ്ബുക്ക് പോസ്റ്റ്

"പാര്‍ട്ടിക്കാര്‍ക്കിടയില്‍ താങ്കളൊരു വിഎസ് പക്ഷക്കാരനാണെന്ന് വിഎസിന് അറിയാമായിരുന്നോ?' മലപ്പുറം ജില്ലയിലെ വിഎസിന്റെ അടുത്തയാള്‍ എന്ന് ഖ്യാതിയുണ്ടായിരുന്ന കാലത്ത് ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് എന്നോട് ചോദിച്ചതാണിത്. അതൊരു കൗതുകമുള്ള ചോദ്യമായിരുന്നു. സഖാവുമായി സിപിഎമ്മിലെ അകരാഷ്ട്രീയം ഒട്ടും സംസാരിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാതിരുന്ന കാലത്താണ് നേതാക്കള്‍ക്കും അതുവഴി അണികള്‍ക്കുമിടയില്‍ ഞാന്‍ കടുത്ത 'വിഎസ് പക്ഷക്കാരനാ'യത്. ഞങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ഇടമില്ലായിരുന്നുവെന്ന് ബോധ്യപ്പെടാത്തവര്‍ രൂപപ്പെടുത്തിയ കഥ. വിഎസ് പക്ഷമെന്ന പേരു പ്രചരിക്കാന്‍ അദ്ദേഹവുമായുള്ള അടുപ്പം വഴിയൊരുക്കിയെന്നതും ശരിതന്നെയാണ്.

2001 ല്‍ മങ്കടയില്‍ മല്‍സരിക്കുമ്പോള്‍ പ്രചരണത്തിനായി അദ്ദേഹം വന്നിരുന്നു. എന്നാല്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ ആ വേദി അദ്ദേഹവുമായി പങ്കിടാന്‍ കഴിഞ്ഞിരുന്നില്ല. എംഎല്‍എ ആയശേഷം എകെജി സെന്ററില്‍ നടന്ന യോഗത്തിലാണ് അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സ്വയം പരിചയപ്പെടുത്തുന്ന സമയം. ഡോ. തോമസ് ഐസക്ക് എന്റെ പേരുവിളിച്ചു. ഉടന്‍ സമീപത്തുണ്ടായിരുന്ന വിഎസിന്റെ കമന്റ്.

'താങ്കളെ തിരഞ്ഞ് താങ്കളുടെ നാട്ടില്‍ വന്നിട്ടും കാണാനായില്ല മിസ്റ്റര്‍ അലി'. അതാണ് വിഎസിന്റെ ആദ്യത്തെ വര്‍ത്തമാനം. വാക്കുകളിലെ മൂര്‍ച്ഛയും ഗൗരവവും പറഞ്ഞുകേട്ട തെറ്റിദ്ധാരണകളും ചേര്‍ത്ത് അകലെ നില്‍ക്കാനാണ് അന്ന് ശ്രമിച്ചത്. സിപിഎമ്മിന്റെ മങ്കട ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വിഎസിനെ കൊണ്ടുവരണമെന്ന രാജേന്ദ്രന്‍മാഷിന്റെ ആവശ്യവുമായാണ് ആദ്യം അദ്ദേഹത്തിന്റെ മുന്നില്‍പോയത്. വരാമെന്നേറ്റു, വന്നു.

'വിഎസിനെ ആവശ്യമുണ്ടെങ്കി അലിയോട് പറഞ്ഞാമതിയല്ലോ' എന്ന് അന്ന് ജില്ലാസെക്രട്ടറിയായിരുന്ന സെയ്താലിക്കുട്ട്യാക്ക പറഞ്ഞതും ഓര്‍ക്കുന്നു. പിന്നീടങ്ങോട്ട് വിഎസുമായി അടുപ്പമുണ്ടായി. നിലപാടുകളിലെ സത്യസന്ധത മനസ്സിലായിത്തുടങ്ങിയെന്നതാണ് സത്യം. മലപ്പുറത്ത് എവിടെ പരിപാടികള്‍ക്കുവന്നാലും വീട്ടില്‍ വരുകയും താമസിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവായി. ആ ബന്ധമാണ് മലപ്പുറം സമ്മേളനത്തിലെ വിഭാഗീയതയിലേക്ക് എന്റെ പേര് വലിച്ചിഴയ്ക്കാന്‍ കാരണമായത്. അന്ന് വിഎസിനെ കാണാനും ചര്‍ച്ചകള്‍ക്കുമായി വീട്ടിലെത്തിയിരുന്ന നേതാക്കള്‍ പലരും സമ്മേളനത്തില്‍ ഇല്ലാക്കഥകള്‍ മെനഞ്ഞുവെന്നത് എനിക്കും വിഎസിനും അത്രയും അടുപ്പമുള്ള ചിലര്‍ക്കും മാത്രമറിയുന്ന സത്യം.

'പലതും സഹിക്കാനാവുന്നില്ലെന്നും മതിയാക്കുകയാണെന്നും' ചെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം വിലക്കിയില്ല. അദ്ദേഹത്തിന്റെ പക്ഷക്കാരനായിരുന്നെങ്കില്‍ എന്നെ നിലനിര്‍ത്താനെങ്കിലും അദ്ദേഹം ശ്രമിക്കുമായിരുന്നു. എന്റെ ഇഷ്ടം പോലെ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പാര്‍ട്ടിയുമായി വേര്‍പിരിഞ്ഞശേഷവും അദ്ദേഹവുമായി വ്യക്തിബന്ധം തുടര്‍ന്നു. കരുത്തുള്ള ആ നിലപാടുകള്‍പോലെ തന്നെയായിരുന്നു എന്നോടുള്ള ബന്ധവും സ്‌നേഹവും. സിപിഎം രാഷ്ട്രീയത്തിനപ്പുറമുള്ള കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ സന്‍മനസ്സും സ്വാതന്ത്ര്യവുമുണ്ടായിരുന്നു എന്ന ബോധ്യംതന്നെയാണ് ഞങ്ങള്‍ക്കിടയിലെ അടുപ്പം.

നിലപാടുകളുടെ ആ ഉറച്ച ശബ്ദം നിലയ്ക്കുകയില്ല. ഓർമ്മകൾ മരിക്കുകയുമില്ല..." 

Full View

സി.പി.എം സ്ഥാപക നേതാക്കളിലൊരാളായ വി.എസ് അച്യുതാനന്ദൻ തിങ്കളാഴ്ച വൈകീട്ട് 3.20ന് എസ്‌.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യശ്വാസം വലിച്ചത്. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വി.എസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജൂൺ 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2006 മുതൽ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമീഷൻ അധ്യക്ഷനായി.

1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും 2011 മുതൽ 2016 വരെയും കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. സി.പി.എം പൊളിറ്റ്ബ്യൂറോ മുൻ അംഗമായിരുന്നു. നിലവിൽ സി.പി.എം സംസ്ഥാന സമിതി സ്ഥിരംക്ഷണിതാവാണ്. 1980 മുതൽ 1992 വരെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. 2001 മുതൽ 2021 വരെ മലമ്പുഴയിൽ നിന്നും, 1991 മുതൽ 1996 വരെ മലമ്പുഴയിൽ നിന്നും 1967 മുതൽ 1977 വരെ അമ്പലപ്പുഴയിൽ നിന്നും നിയമസഭാംഗമായി. ഭാര്യ: കെ. വസുമതി. മക്കൾ: അരുൺകുമാർ, ആശ.

1923 ഒക്‌ടോബര്‍ 20ന് പുന്നപ്ര വേലിക്കകത്ത് ശങ്കരെൻറയും അക്കമ്മയുടെയും മകനായാണ് ജനനം. നാലാം വയസ്സില്‍ അമ്മയും 11-ാം വയസ്സില്‍ അച്ഛനും നഷ്‌ടപ്പെട്ടു. അതുകൊണ്ടുതന്നെ ഏഴാം ക്ലാസ്സില്‍ പഠനം നിർത്തേണ്ടിവന്നു. തുടര്‍ന്ന്‌ മൂത്ത സഹോദരനെ സഹായിക്കാന്‍ ഗ്രാമത്തിലെ തുന്നല്‍ക്കടയില്‍ ജോലിക്കു നിന്നു. അതിനുശേഷം കയര്‍ ഫാക്‌ടറിയിലും തൊഴിലാളിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Manjalamkuzhi Ali remembers VS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.