അൽഐൻ: ഇടപാടുകാരിൽനിന്ന് പിരിച്ചെടുത്ത പണം കമ്പനിക്ക് നൽകാതിരുന്ന ജീവനക്കാരനോട് തുക തിരിച്ചടക്കണമെന്ന് ഉത്തരവിട്ട് കോടതി. ജോലി ചെയ്തിരുന്ന കാലത്ത് ഇടപാടുകാരിൽനിന്ന് പിരിച്ചെടുത്ത പണം ജീവനക്കാരൻ തൊഴിലുടമക്ക് നൽകാതിരിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി മുൻ തൊഴിലുടമക്ക് ഇയാൾ 1,19,965 ദിർഹം തിരിച്ചടക്കണമെന്ന് ഉത്തരവിട്ടു. ഒമ്പത് വർഷത്തോളം സ്ഥാപനത്തിലെ പണം പിരിച്ചെടുക്കുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്. ഇക്കാലത്ത് കമ്പനിക്ക് നൽകേണ്ട പല പേമെന്റുകളും നൽകാതെ ഫണ്ട് ദുരുപയോഗം ചെയ്തതായി കോടതി പരിശോധനയിൽ കണ്ടെത്തി. 3300 ദിർഹം അടിസ്ഥാന ശമ്പളമുൾപ്പെടെ ജീവനക്കാരന് ആകെ 5500 ദിർഹം പ്രതിമാസ ശമ്പളം നൽകിയിരുന്നു.
ആകെ 1,28,966 ദിർഹം തിരിച്ച് ലഭിക്കണമെന്നാവശ്യപ്പെട്ടാണ് കമ്പനി ഹരജി ഫയൽ ചെയ്തത്. നഷ്ടപ്പെട്ട തുക രേഖപ്പെടുത്തുന്ന കൺസൾട്ടൻസി റിപ്പോർട്ടിന്റെ ചെലവ്, ക്ലെയിം തീയതി മുതൽ മുഴുവൻ തിരിച്ചടവ് വരെയുള്ള അഞ്ച് ശതമാനം നിയമപരമായ പലിശ, കോടതി ഫീസ് എന്നിവയും ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് പഠിക്കാൻ കോടതി വിദഗ്ധരെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്ന്, കമ്പനി ജീവനക്കാരന്റെ പണമിടപാട് സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തിയതായി വിദഗ്ധർ സ്ഥിരീകരിച്ചു.
ഇതിൽ ജീവനക്കാരൻ പണം പിരിച്ചെടുത്തെങ്കിലും അത് കമ്പനിയിൽ നിക്ഷേപിച്ചില്ലെന്ന് വ്യക്തമായി.
ജീവനക്കാരന്റെ എതിർവാദങ്ങൾ കൂടി വിശകലനം ചെയ്ത ശേഷമാണ് തിരിച്ചടക്കേണ്ട തുക കോടതി നിർണയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.