ദുബൈ: മയക്കുമരുന്ന് കടത്ത് കേസിൽ കുറ്റക്കാരെന്ന് തെളിയിക്കപ്പെട്ട രണ്ടുപേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. ദുബൈ പൊലീസ് നടത്തിയ സ്റ്റിങ് ഓപറേഷനിലൂടെയാണ് അറബ് പൗരന്മാരായ രണ്ടുപേരെയും പിടികൂടിയത്. രഹസ്യ ഏജന്റിന് കൊക്കെയ്ൻ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
പ്രതികളിലൊരാളുടെ കൈയിൽ നിരോധിത മയക്കുമരുന്നുണ്ടെന്നും ഇത് വിൽക്കാൻ ഒരുങ്ങുകയാണെന്നും വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദുബൈ പൊലീസ് പരിശോധന നടത്തിയത്. അതിസൂക്ഷമമായ നിരീക്ഷണത്തിലൂടെ വിവരം വിശ്വസനീയമാണെന്ന് വിലയിരുത്തിയ ശേഷം പബ്ലിക് പ്രോസിക്യൂഷനിൽനിന്ന് വാറന്റ് നേടുകയും പ്രതികളെ സാഹസികമായി പിടികൂടുകയുമായിരുന്നു.
മയക്കുമരുന്ന് വിരുദ്ധ ഉദ്യോഗസ്ഥർ അടയാളമിട്ട പണം ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങുന്നയാളായി അഭിനയിക്കുന്ന ഒരാളെ ഉപയോഗപ്പെടുത്തിയാണ് ഓപറേഷൻ നടത്തിയത്. പ്രധാന പ്രതി മോട്ടോർ സൈക്കിളിൽ നിശ്ചയിച്ച സ്ഥലത്തെത്തുകയും ഇയാളുടെ കൂട്ടാളി പ്രദേശം നിരീക്ഷിക്കുകയുമായിരുന്നു. ആദ്യ പ്രതി പണത്തിന് പകരം കൊക്കെയ്ൻ നൽകിയതോടെ പൊലീസ് പിടികൂടുകയായിരുന്നു. ഈ സമയം നിരീക്ഷിക്കുകയായിരുന്നയാൾ ഓടിരക്ഷപ്പെട്ടു.
പിടിയിലായ ആൾ കൂട്ടാളിയെ അറിയാമെന്ന് സമ്മതിക്കുകയും അവർ സംയുക്തമായി 700 ദിർഹത്തിന് കൊക്കെയ്ൻ വിൽക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് മൊഴി നൽകുകയും ചെയ്യുകയായിരുന്നു. രണ്ടാമത്തെ പ്രതിയെ പിന്നീട് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ഇവരുടെ വീട്ടിൽനിന്ന് 32 മയക്കുമരുന്ന് ഗുളികകളും ക്രിസ്റ്റൽ മെത്തും കണ്ടെത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റം തെളിഞ്ഞതോടെയാണ് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.