ലോകമെമ്പാടുമുള്ള പ്രവാസി കേരളീയരെ കണ്ടെത്താനും അവശ്യഘട്ടങ്ങളില്‍ ഇടപെടാനും ഉതകുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന ലഭ്യമാക്കി വരുന്ന വിവിധ ഐ.ഡി കാര്‍ഡ്-ഇന്‍ഷുറന്‍സ് സേവനങ്ങള്‍. വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18നും 70നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് സേവനം പ്രയോജനപ്പെടുത്താം.
വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ക്കായി സ്റ്റുഡന്റ് ഐ.ഡി കാര്‍ഡും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസി കേരളീയര്‍ക്കു മാത്രമായുള്ള എന്‍.ആര്.കെ ഐ.ഡി കാര്‍ഡും, ക്രിട്ടിക്കല്‍ കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി എന്നീ സേവനങ്ങളാണ് ലഭിക്കുന്നത്. ഈ സേവനങ്ങള്‍ക്ക് അപകട മരണ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.
നോർക്ക വകുപ്പിന് കീഴിൽ 2002ൽ സ്ഥാപിതമായ ഫീൽഡ് ഏജൻസിയാണ് നോർക്ക റൂട്ട്സ്. പ്രവാസി മലയാളികൾക്കുള്ള (എൻ.ആർ.കെ) ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഒരു നോഡൽ ഏജൻസി എന്ന നിലയിലാണ് ഇതിന്റെ പ്രവർത്തനം. പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവതരിപ്പിക്കുന്ന ‘കൂടെയുണ്ട് നോർക്ക’ എന്ന പംക്തി എല്ലാ വെള്ളിയാഴ്ചകളിലും ഗൾഫ് മാധ്യമത്തിൽ വായിക്കാം
ലോകത്തെ 181 രാജ്യങ്ങളിലെ പ്രവാസി കേരളീയരെ കണ്ടെത്തുന്നതിനും അവരുടെ വിവരശേഖരണത്തിനും ഐ.ഡി കാര്‍ഡ് സംവിധാനം സഹായകരമായി. 2008ല്‍ ആരംഭിച്ച നോര്‍ക്ക റൂട്ട്സ് പ്രവാസി ഐ.ഡി കാര്‍ഡ് സേവനം 2025 വരെയുള്ള കണക്കനുസരിച്ച് 8,51,801 പ്രവാസികള്‍ പ്രയോജനപ്പെടുത്തി. 10,257 വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് ഐ.ഡി കാര്‍ഡും 34,450 പ്രവാസി കേരളീയര്‍ക്ക് എന്‍.ആര്.കെ ഐ.ഡി കാര്‍ഡ് സേവനവും നല്‍കാനായി. www.norkaroots.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിച്ച് സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. പുതിയ രജിസ്ട്രേഷനും നിലവിലുള്ളത് പുതുക്കുന്നതിനുള്ള ഫീസും ഓണ്‍ലൈനായി അടക്കാം.
വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ രേഖാമൂലം ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന പ്രവാസികള്‍ക്ക് അംഗമാകാം. പ്രായം 18-70. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ലഭിക്കാനും ഇന്ത്യയിലെ മെഡിക്കല്‍ കോഴ്സുകളിലെ എന്‍.ആര്.കെ സീറ്റിലേക്കുള്ള പ്രവേശനത്തിന് സ്പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നായും നോര്‍ക്ക പ്രവാസി ഐ.ഡി കാര്‍ഡ് പ്രയോജനപ്പെടുത്താം. കാലാവധി മൂന്ന് വര്‍ഷം.
അപകടംമൂലമുള്ള മരണത്തിന് അഞ്ച് ലക്ഷം രൂപയുടെയും അപകടംമൂലമുള്ള ഭാഗികമോ സ്ഥിരമോ ആയ അംഗവൈകല്യങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയും ഇന്‍ഷുറന്‍സ് പരിരക്ഷ.
വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്. 2020 ഏപ്രില്‍ മുതലാണ് ഇത് നിലവില്‍വന്നത്. വിദേശപഠനത്തിന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ഥികള്‍ക്കും നിലവില്‍ വിദേശത്ത് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. കാലാവധി മൂന്നു വര്‍ഷം.
അപകടമരണത്തിന് അഞ്ച് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയും അപകടം മൂലമുള്ള സ്ഥിരമോ ഭാഗികമോ ആയ വൈകല്യങ്ങള്‍ക്ക് ആനുപാതികമായി രണ്ടു ലക്ഷം രൂപവരെയും ഇന്‍ഷുറന്‍സ് പരിരക്ഷ.
വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ഥികള്‍ക്കും നിലവില്‍ വിദേശത്ത് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
വിദേശ രാജ്യത്തോ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ ആറു മാസത്തില്‍ കൂടുതല്‍ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 വയസ്സ് പൂര്‍ത്തിയായ പ്രവാസികള്‍ക്ക് നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് പോളിസിക്ക് അപേക്ഷിക്കാം. പ്രായം 18 -60. അപേക്ഷാഫീസ് 661 രൂപ (ഇന്‍ഷുറന്‍സ് പ്രീമിയം ഉള്‍പ്പെടെ). കാലാവധി ഒരു വര്‍ഷം.
പോളിസി ഉടമകള്‍ക്ക് 13 ഗുരുതര രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കൂടാതെ അപകടമരണത്തിന് മൂന്നു ലക്ഷം രൂപ വരേയും അപകടംമൂലമുള്ള സ്ഥിരമോ ഭാഗികമോ ആയ അംഗവൈകല്യങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരേയും പരിരക്ഷ ലഭിക്കും. രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷനറില്നിന്നും മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധന റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള അംഗീകാരപത്രവും ലഭ്യമാക്കണം.
രണ്ടു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയരായ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം. പ്രായം 18-70. കാലാവധി മൂന്നു വര്‍ഷം.
അപകടംമൂലമുള്ള മരണത്തിന് അഞ്ച് ലക്ഷം രൂപയുടെയും അപകടംമൂലമുള്ള ഭാഗികമോ സ്ഥിരമോ ആയ അംഗവൈകല്യങ്ങള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപയുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ. ഫീസ്-408 രൂപ.
മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോള്‍ റെസിഡന്റ്സ് സര്‍ട്ടിഫിക്കറ്റിന് പകരം നോര്‍ക്ക റൂട്ട്സ് നല്കുന്ന എന്‍.ആര്.കെ ഐ.ഡി കാര്‍ഡ് ആധികാരിക രേഖയായി സ്വീകരിക്കും. കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പാണ് നല്‍കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.