കൊച്ചി: മുടി മാറ്റി നടുന്ന (ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ) ശസ്ത്രക്രിയക്ക് പിന്നാലെയുണ്ടായ ബാക്ടീരിയൽ ബാധ കാരണം വേദന തിന്നുകഴിയുകയാണ് എറണാകുളം സ്വദേശിയായ യുവാവ്. കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ ഹെയർ ട്രാൻസ്പ്ലാന്‍റേഷന് പിന്നാലെയാണ് തലയിൽ ബാക്ടീരിയ ബാധയുണ്ടായത്. തലയിലെ മാംസം തിന്നുന്ന ബാക്ടീരിയയാണ് ബാധിച്ചത്. തലയോട്ടി പുറത്തുകാണുന്ന അവസ്ഥയിലായ യുവാവ് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. യുവാവ് പരാതി നൽകിയതോടെ പനമ്പിള്ളി നഗറിലെ ഇൻസൈറ്റ് ഡെർമ ക്ലിനിക്ക് പൂട്ടി ഡോക്ടർ സ്ഥലംവിട്ടതായാണ് റിപ്പോർട്ടുകൾ.
എറണാകുളം സ്വദേശിയായ സനിലിനാണ് ദുരവസ്ഥയുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സനിൽ പനമ്പിള്ളി നഗറിലെ ഇൻസൈറ്റ് ഡെർമ ക്ലിനിക്കിൽ ഹെയർ ട്രാൻസ്പ്ലാന്‍റേഷന് എത്തിയത്. ഫേസ്ബുക്കിൽ പരസ്യം കണ്ടാണ് അവിടെ സമീപിച്ചത്. തലയുടെ മുൻഭാഗത്തായിരുന്നു ട്രാൻസ്പ്ലാന്‍റേഷൻ. ഹൈദരാബാദ് സ്വദേശിയായിരുന്നു ഡോക്ടർ. ഫെബ്രുവരി 26, 27 തിയതികളിലായിരുന്നു ട്രാൻസ്പ്ലാന്‍റേഷൻ. മുടി മാറ്റിനട്ടതിന് പിന്നാലെ മാർച്ച് ആദ്യം തലക്ക് കടുത്ത വേദന വരാൻ തുടങ്ങി. പിന്നീട് പഴുപ്പു വരികയും നീരൊലിക്കാൻ തുടങ്ങുകയും ചെയ്തു.
ക്ലിനിക്കിലെ ഡോക്ടറെ അറിയിച്ചപ്പോൾ ഇത് സ്വാഭാവികമാണെന്നായിരുന്നു മറുപടി. അവർ നിർദേശിച്ച പ്രകാരം ഹെഡ് വാഷ് ചെയ്തെങ്കിലും പ്രശ്നം കൂടുതൽ വഷളായി. ഇവർ നിർദേശിച്ച സ്റ്റിറോയിഡുകൾ ഉപയോഗിച്ചതോടെ ആരോഗ്യാവസ്ഥ തന്നെ താളംതെറ്റി. തലയിലെ പഴുപ്പ് വർധിച്ചുവന്നു.
പിന്നീട്, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തലയിലെ മാംസം നഷ്ടമായി തലയോട്ടി പുറത്തുകാണുന്ന അവസ്ഥയായിരുന്നു. തലയുടെ മുൻഭാഗം കുഴിയായിരുന്നു. അതിഗുരുതരമാണ് നിലയെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചത്. തുടർന്നുള്ള ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് സനിൽ. 13 ശസ്ത്രക്രിയകളാണ് തലയിൽ നടത്തിയത്. കാലിൽ നിന്ന് തൊലിയെടുത്ത് തലയിൽ ചേർക്കുകയാണ് ചെയ്യുന്നത്. തലയോട്ടിയിലെ പഴുപ്പ് ശേഖരിക്കുന്ന മെഷീനുമായാണ് സനിലിന്‍റെ ഇപ്പോഴത്തെ ജീവിതം. രണ്ട് മാസത്തിലേറെയായി മര്യാദക്ക് ഉറങ്ങിയിട്ടെന്ന് ഇദ്ദേഹം പറയുന്നു.
പനമ്പിള്ളി നഗറിലെ സ്ഥാപനത്തിനെതിരെ തേവര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതോടെ ഏതാനും ദിവസമായി ഇൻസൈറ്റ് ഡെർമ ക്ലിനിക്ക് അടച്ചിട്ട നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.