വിവിധ തരം മാങ്ങകളിൽ ഏറ്റവും വിലകൂടിയവയുടെ നിരയിൽ മുൻപന്തിയിലാണ് മിയാസാക്കി. കിലോഗ്രാമിന് ഏതാണ്ട് രണ്ടര ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം വരെയാണ് ഒറിജിനൽ മിയാസാക്കി മാമ്പഴത്തിന് വില! 1980കളിൽ ജപ്പാനിലെ മിയാസാക്കി സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത ഈ ഇനം, കടും ചുവപ്പ് നിറത്തിലാണ് കാണപ്പെടുക. ഉള്ളിൽ കടും മഞ്ഞ നിറമാണ്.
ഏറെ ആരോഗ്യ ഗുണങ്ങൾ മിയാസാക്കിക്കുണ്ട്. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായി ഈ മാങ്ങകൾ ആയുസ്സ് വർധിപ്പിക്കുമെന്നാണ് ജപ്പാനിലെ വിശ്വാസം. മിയാസാക്കിയുടെ ആരോഗ്യ ഗുണങ്ങൾ പ്രധാനമായും ഇവയാണ്:
രോഗപ്രതിരോധ ശേഷി
മിയാസാക്കി മാമ്പഴത്തിൽ അടങ്ങിയ വിറ്റാമിൻ സി, ഇ എന്നിവ രോഗപ്രതിരോധശേഷി വർധിപ്പിക്കും. ശരീരത്തിലെ രക്തക്കുഴലുകൾ, അസ്ഥികൾ, പേശികൾ, അസ്ഥികളിലെ കൊളാജൻ എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തും.
കാൻസർ സാധ്യത കുറയ്ക്കുന്നു
ഈ മാമ്പഴത്തിൽ കരോട്ടിനോയിഡ്, ക്വെർസെറ്റിൻ, ഫിസെറ്റിൻ, ഐസോക്വെർസിട്രിൻ, ആസ്ട്രഗാലിൻ, ഗാലിക് ആസിഡ്, മീഥൈൽ ഗാലേറ്റ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം സ്തനാർബുദം, വൻകുടൽ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, രക്താർബുദം എന്നിവ തടയാൻ സഹായിക്കുന്നതാണ്. മാത്രമല്ല, ട്യൂമറിന്റെ വലുപ്പം കുറയ്ക്കുകയും കാൻസർ വളർച്ച തടയുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം നിലനിർത്തുന്നു
ഹൃദയാരോഗ്യത്തിന് മിയാസാക്കി മാമ്പഴം ഉത്തമമാണ്. രക്തസമ്മർദം കുറയ്ക്കുന്നു. മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണിത്.
ചർമവും ആരോഗ്യമുള്ള മുടിക്കും
ചർമത്തിനും മുടിക്കും ശക്തി നൽകുന്ന കൊളാജൻ ഉത്പാദിപ്പിക്കുന്നതിന് അത്യാവശ്യമായ വിറ്റാമിൻ സിയുടെ സാന്നിധ്യം മിയാസാക്കി മാമ്പഴത്തിലുണ്ട്. കൂടാതെ, തലയോട്ടിക്ക് ഈർപ്പം നൽകുന്ന സീബം ഉത്പാദനം മെച്ചപ്പെടുത്തുകയും ആരോഗ്യമുള്ള മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു.
നല്ല ഉറക്കം
മിയാസാക്കിയിൽ അടങ്ങിയ ബി6 നല്ല ഉറക്കം നൽകും.
കാഴ്ചശക്തി വർധിപ്പിക്കുന്നു
ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും വിറ്റാമിൻ എയും ഇവയിൽ അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ കണ്ണുകളെ സംരക്ഷിക്കാനും മാക്യുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
കൂടാതെ, മിയാസാക്കി മാമ്പഴത്തിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ പോഷകങ്ങളും കൊളസ്ട്രോൾ നിയന്ത്രണം, കരളിന്‍റെ ആരോഗ്യം, നിർവീക്കം തടയൽ, അനീമിയ പ്രതിരോധം, പല്ലുകളുടെ സംരക്ഷണം, സന്ധിവാത ബുദ്ധിമുട്ടുകൾ കുറയ്ക്കൽ എന്നിവക്കെല്ലാം സഹായകമാകുന്നെന്നാണ് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.