പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കരൾ, വൃക്ക തകരാറുകൾ, ചിലതരം അർബുദങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് പൊണ്ണത്തടിയും കാരണമാണെന്ന് വിദഗ്ധർ പറയുന്നു. ഇതിനൊരാശ്വാസമെന്ന് അവകാശപ്പെട്ട് പ്രമുഖ ഡാനിഷ് കമ്പനി അവതരിപ്പിച്ച ‘വെഗോവി’ ഇന്ത്യയിലുമെത്തി. പൊണ്ണത്തടി, അമിത ഭാരം എന്നീ രോഗാവസ്ഥകൾക്കായി ഡാനിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവോ നോർഡിസ്കിന്റെ മുൻനിര മരുന്നായ സെമാഗ്ലൂറ്റൈഡ് അടങ്ങിയ വെഗോവിയാണ് ഇന്ത്യയിലും ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നത്.
വിശപ്പ് നിയന്ത്രിക്കാനും തലച്ചോറിലേക്ക് സിഗ്നൽ നൽകി രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുന്ന ഹോർമോണായ ജി.എൽ.പി-1 ന്റെ പ്രവർത്തനത്തെ അനുകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. വെഗോവി ആഴ്ചയിൽ ഒരു ദിവസം ഇൻജക്ട് ചെയ്യുകയാണ് ചികിൽസ. അമിത ഭാരവുമായി ബന്ധപ്പെട്ട രോഗങ്ങളുള്ളവർക്ക് വെഗോവി ചികിത്സ ഉപകാരപ്രദമാകുമെന്നാണ് കമ്പനി അവകാശവാദം.
വിവിധ ഡോസുകളിലായി പ്രതിമാസം കാൽ ലക്ഷം രൂപ വരെ ഇതിന് വിലവരും. കമ്പനിയുടെ ജനപ്രിയ പ്രമേഹ മരുന്നായ ഒസെംപിക്കിന്റെ അതേ സജീവ ഘടകം ഇതിലും അടങ്ങിയിട്ടുണ്ടെങ്കിലും, വെഗോവി ശരീരഭാരം കുറക്കാൻ പ്രത്യേകം രൂപപ്പെടുത്തിയതാണത്രെ. പ്രമേഹത്തിനുള്ള ‘ഒസെംപിക്’ മരുന്ന്, സെലബ്രിറ്റികളടക്കം വണ്ണം കുറയാനായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് അടുത്ത കാലത്തായി വിവാദമുയർന്നിരുന്നു. അതിനിടെയാണ്, ഇതേ ഘടകമടങ്ങിയതും എന്നാൽ പൊണ്ണത്തടി ചികിത്സക്ക് എന്ന് നേരിട്ടു പറഞ്ഞുകൊണ്ടും പുതിയ മരുന്ന് വരുന്നത്.
68 ആഴ്ചകൾക്കുള്ളിൽ ശരീരഭാരത്തിന്റെ 15 ശതമാനം കുറക്കാൻ വെഗോവിക്ക് കഴിയുമെന്ന് ക്ലിനിക്കൽ പഠനങ്ങൾ തെളിയിച്ചതായാണ് കമ്പനി പറയുന്നത്. 2026ൽ സെമാഗ്ലൂറ്റൈഡിന്റെ പേറ്റന്റ് കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ മരുന്ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ താങ്ങാനാവുന്ന വിലയിൽ മരുന്നുകൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.