ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്ന പത്തിൽ ഏഴു മുഖ്യമന്ത്രിമാരും പ്രതിപക്ഷത്തു നിന്നുള്ളവർ; അമിത് ഷായുടെ ബിൽ ഉന്നമിടുന്നത് ആരെയൊക്കെ?

ന്യൂഡൽഹി: ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്ന രാജ്യത്തെ പത്തിൽ ഏഴു മുഖ്യമന്ത്രിമാരും പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ളവരാണെന്ന് കണക്കുകൾ. മുഖ്യമന്ത്രിമാർ തെരഞ്ഞെടുപ്പിനു കമീഷനു മുമ്പാകെ സമർപിക്കുന്ന സത്യവാങ്മൂലത്തിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത് അസോസിയേഷൻ ഫോർ ഡെ​മോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോർട്ടിലേതാണ് ഈ ഡാറ്റ.

ക്രിമിനൽ കേസുകളിൽ അറസ്റ്റുചെയ്യപ്പെടുന്നപക്ഷം മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും നീക്കം ചെയ്യാനുള്ള ബിൽ ന​രേന്ദ്ര മോദിയുടെ ബി.ജെ.പി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ്, 2024ൽ തയ്യാറാക്കിയ ഗൗരവതരമായ ഈ കണക്കുകൾ വീണ്ടും വെളിച്ചത്തുവരുന്നത്.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഭരണാധികാരികളെ വലയം ചെയ്യുന്നതാണ് ബിൽ. 30 ദിവസം ജയിലിൽ കിടക്കുന്നപക്ഷം പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ ഉത്തരവാദപ്പെട്ട സ്ഥാനത്തു നിന്ന് നീക്കം ചെയ്യാ​ൻ ഭരണഘടനയുടെ 130ാമത് ഭേദഗതിയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കൊണ്ടുവന്നത്.

എന്നാൽ, ഈ ഭേദഗതി അതീവ അപകടരമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. ക്രിമിനൽ കേസുകളിൽ കുറ്റക്കാർ ആണെന്ന് തെളിയാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആ സ്ഥാനത്തുനിന്ന് നീക്കാൻ ഇത് സൗകര്യമൊരുക്കുന്നുവെന്നാണ് അതിന് കാരണമായി പറയുന്നത്.

28 സംസ്ഥാനങ്ങളിൽ നിന്നും മൂന്ന് കേന്ദ്ര ഭരണ പ്രദേശത്തും നിന്നുമുള്ള മുഖ്യമന്ത്രിമാർ തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ നൽകിയ സത്യവാങ്മൂലം വിശകലനം ചെയ്ത് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് 2024 ഡിസംബറിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ 31 പേരിൽ13 പേരും ക്രിമിനൽ കേസുകൾ നേരിടുന്നുവെന്നാണ്. ഇതിൽ 10 മുഖ്യമന്ത്രിമാർ കൊല, തട്ടിക്കൊണ്ടുപോവൽ, കൊള്ള, അഴിമതി, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ നേരിടുന്നവെന്നും പറയുന്നു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ,  ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ്, കേരള മുഖ്യമന്ത്രി പിണറായി വിജയൻ,പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, സിക്കിം മുഖ്യമന്ത്രി പി.എസ് തമാങ്, ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരാണ് ആ പത്തു പേർ. 

ഇതിൽ ഏഴു പേർ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ്. മറ്റു രണ്ടു പേർ ബി.ജെ.പി സഖ്യ കക്ഷികളിൽ നിന്നുള്ളവരും ഒരാൾ ബി.ജെ.പിയിൽ നിന്നുള്ളയാളുമാണ്. ഇതിൽ ചിലത് അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ചിലത് ജാമ്യമില്ലാത്തതും.

Tags:    
News Summary - 7 of 10 chief ministers facing serious criminal charges are from Opposition, election data show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.