സുപ്രീംകോടതി
ന്യൂഡൽഹി: നിരന്തരം ഉത്തരവുകളിറക്കിയിട്ടും വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡ് അംഗീകരിക്കാത്ത തെരഞ്ഞെടുപ്പ് കമീഷനെ മെരുക്കി സുപ്രീംകോടതി. ആധാർ കാർഡ് ബിഹാറിലെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിശോധനക്കുള്ള (എസ്.ഐ.ആർ) 12ാമത്തെ രേഖയാക്കാൻ സുപ്രീംകോടതി നിർദേശം നൽകി. ഈ നിർദേശം അംഗീകരിക്കുന്നുവെന്ന് കമീഷനിൽനിന്നുള്ള ഉറപ്പും സുപ്രീംകോടതി രേഖപ്പെടുത്തി. ഇതോടെ ആധാർ കാർഡ് മാത്രം രേഖയായി സമർപ്പിച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കാനാവും.
ബിഹാറിലെ എസ്.ഐ.ആറിന് ആധാർ കാർഡും വോട്ടർ ഐ.ഡി കാർഡും റേഷൻ കാർഡും ഉൾപ്പെടുത്താതെ കമീഷൻ തയാറാക്കിയ 11 രേഖകളുടെ പട്ടികയിൽ 12ാമത്തെ രേഖയായി ആധാർ കാർഡ് ചേർക്കണമെന്നാണ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ബിഹാറിലെ വോട്ടർപട്ടികയിൽ വോട്ടറുടെ പേര് ചേർക്കാനും പുറന്തള്ളാനുമുള്ള രേഖയായി ആധാർ കാർഡ് പരിഗണിക്കുമെന്ന് ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കി.
സുപ്രീംകോടതി ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ആധാർ കാർഡ് മാത്രം സമർപ്പിച്ചവരെ വോട്ടർപട്ടികയിൽ ചേർക്കാൻ ബിഹാറിലെ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരും ജീവനക്കാരും തയാറാകുന്നില്ലെന്നും കമീഷൻ നിർദേശിച്ച 11 രേഖകളിലൊന്ന് സമർപ്പിക്കാൻ ആവശ്യപ്പെടുകയാണെന്നും ബിഹാറിലെ മുഖ്യപ്രതിപക്ഷ കക്ഷിയായ ആർ.ജെ.ഡിക്ക് വേണ്ടി ഹാജരായ കപിൽ സിബൽ ബോധിപ്പിച്ചതിനെ തുടർന്നാണ് ആധാർ 12ാമത്തെ രേഖയാക്കി ഉത്തരവിറക്കിയത്.
ആധാർ അംഗീകരിക്കണമെന്ന് സുപ്രീംകോടതി മൂന്നുതവണ ഉത്തരവിറക്കിയിട്ടും കമീഷന്റെ ബൂത്ത് തല ഓഫിസർമാരും (ബി.ആർ.ഒ) ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരും (ഇ.ആർ.ഒ) സ്വീകരിക്കാൻ കൂട്ടാക്കുന്നില്ലെന്ന് സിബൽ തുടർന്നു. ആധാർ കൊടുത്തിട്ടും സ്വീകരിക്കാതിരുന്ന നിരവധി വോട്ടർമാരുടെ സത്യവാങ്മൂലങ്ങളും സിബൽ ഹാജരാക്കി.
ആധാർ കാർഡ് പൗരത്വരേഖയല്ല എന്ന കമീഷൻ നിലപാട് അംഗീകരിച്ചുകൊണ്ടുതന്നെയാണ് സുപ്രീംകോടതി ഉത്തരവ്. വോട്ടർമാർ സമർപ്പിക്കുന്ന ആധാർ കാർഡുകളുടെ ആധികാരികത കമീഷന് പരിശോധിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു. ആധാർ നിയമ പ്രകാരം ആധാർ കാർഡ് പൗരത്വ രേഖയല്ലെന്നും എന്നാൽ, ജനപ്രാതിനിധ്യ നിയമത്തിന്റെ 23(4)ാം വകുപ്പ് പ്രകാരം ആധാർ കാർഡ് ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള രേഖയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ആധാർ പൗരത്വ രേഖയല്ലെന്ന് കമീഷൻ അഭിഭാഷകൻ രാകേഷ് ദ്വിവേദി വാദിച്ചപ്പോൾ കമീഷൻ ചോദിച്ച 11 രേഖകളിൽ പാസ്പോർട്ടും ജനന സർട്ടിഫിക്കറ്റുമല്ലാത്ത ഒന്നുംതന്നെ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി തിരിച്ചടിച്ചു. വളരെ പ്രധാനപ്പെട്ട ചില വിഷയങ്ങൾകൂടി ബോധിപ്പിക്കാനുണ്ടെന്ന ഹരജിക്കാരുടെ ആവശ്യം പരിഗണിച്ച് കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.