ന്യൂഡൽഹി: ഡൽഹി നിസാമുദ്ദീനിലെ ഹുമയൂൺ കുടീരത്തിന് സമീപമുള്ള ദർഗയുടെ മതിലും മേൽക്കൂരയും ഇടിഞ്ഞുവീണ് മരിച്ചവരുടെ എണ്ണം ആറായി. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. ഹുമയൂൺ കുടീരത്തിന് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് ദർഗ ഷെരീഫ് പട്ടേ ഷായിൽ സംഭവം നടന്നത്. മരിച്ച ആറ് പേരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 79കാരനായ സ്വരൂപ് ചന്ദ് എന്നയാളെയാണ് തിരിച്ചറിഞ്ഞത്. എംഡി ഷമീം, ആര്യൻ, ഗുഡിയ, റഫത്ത് പർവീൺ, റാണി (65) എന്നിവർക്കാണ് പരിക്കേറ്റത്.
അറ്റകുറ്റപ്പണി അല്ലെങ്കിൽ നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട അശ്രദ്ധമായ പെരുമാറ്റം, മനുഷ്യജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തികൾ, അശ്രദ്ധമൂലം മരണത്തിന് കാരണമാകൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കനത്ത മഴയെത്തുടർന്ന് മേൽക്കൂരയും മതിലും തകർന്നുവീണുവെന്നും കെട്ടിടത്തിൽ അഭയം തേടിയ 15 പേർ അവിടെ ഉണ്ടായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദർഗയിലെ ഇമാം താമസിക്കുന്ന മുറിയും മറ്റൊരു വിശ്രമ മുറിയുമാണ് തകർന്നത്. 12 പേരെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെടുത്തുവെന്നും ഇതിൽ ഒമ്പത് പേരെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചുവെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ സൗത്ത് ഈസ്റ്റ് ഹേമന്ത് തിവാരി പറഞ്ഞു. അവിടെ വെച്ചാണ് അഞ്ച് പേർ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.